ഒരു സീറ്റ് പോലും നേടാനാകാതെ കേരളത്തിൽ ബി ജെ പി തകർന്നടിഞ്ഞതിൻറെ കാരണങ്ങൾ

ജോൺസി ഫെലിക്‌സ്| Last Updated: തിങ്കള്‍, 3 മെയ് 2021 (20:16 IST)
വലിയ പ്രതീക്ഷകളായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് കേരളത്തിലെ ബി ജെ പിക്ക് ഉണ്ടായിരുന്നത്. 2016ൽ അവർക്ക് ഒരു സീറ്റിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ 10 സീറ്റുകളിലെങ്കിലും അവർ വിജയം പ്രതീക്ഷിച്ചു. 35 സീറ്റുകൾ നേടി അധികാരത്തിലെത്താനുള്ള അടവുകൾ വരെ അവർ ചർച്ച ചെയ്‌തു.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു സീറ്റിൽ പോലും അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് പോലും ഇത്തവണ നഷ്ടമായി. ഈ തിരിച്ചടി അക്ഷരാർത്ഥത്തിൽ സംസ്ഥാനത്തെ ബി ജെ പിയിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഇങ്ങനെയൊരു തോൽവി ബി ജെ പി സ്വപ്‌നത്തിൽ പോലും കണ്ടിരുന്നതല്ല.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. മഞ്ചേശ്വരത്തും കോന്നിയിലും. ഈ രണ്ട് മണ്ഡലങ്ങളിലും സുരേന്ദ്രൻ വിജയം പ്രതീക്ഷിച്ചു. ഹെലികോപ്റ്ററിൽ പറന്നുനടന്നാണ് ഈ രണ്ട് മണ്ഡലങ്ങളിലെ പ്രചാരണം സുരേന്ദ്രൻ നടത്തിയത്. എന്നാൽ ഫലം വന്നപ്പോൾ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തേക്ക് പോയ സുരേന്ദ്രൻ കോന്നിയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

സംസ്ഥാന പ്രസിഡന്റിന്റെ ഈ ഹെലികോപ്ടർ ധൂർത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി പ്രവർത്തകർക്കിടയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ സുരേന്ദ്രൻ വിജയിക്കുമായിരുന്നു എന്നാണ് ബി ജെ പി പ്രവർത്തകർ പോലും പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായിരുന്നു കേരളത്തിൽ ബി ജെ പിയുടെ താരപ്രചാരകർ. ശബരിമലയിലെ സ്ത്രീ പ്രവേശനമായിരുന്നു സംസ്ഥാനത്ത് അവർ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി കണ്ടത്. എന്നാൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ എന്നെ അത് ആറിത്തണുത്ത ഒരു വിഷയം മാത്രമായിരുന്നു. അത് തിരിച്ചറിയാൻ സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ ബി ജെ പി നേതൃത്വത്തിന് കഴിഞ്ഞില്ല. പ്രധാനമന്ത്രി കേരളത്തിലെത്തി ശബരിമല വിഷയത്തിലൂന്നി നടത്തിയ പ്രസംഗങ്ങൾ യാഥാർത്‌ഥത്തിൽ വിപരീത ഫലമാണ് സൃഷ്ടിച്ചത്.

മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് മണ്ഡലത്തിൽ മികച്ച മത്സരമാണ് കാഴ്‌ചവച്ചത്. എന്നാൽ ബി ജെ പിക്കുള്ളിലെ പടലപ്പിണക്കങ്ങളും എകോപനമില്ലായ്മയുമാണ് ശ്രീധരന്റെ പരാജയത്തിനും കാരണമായത്. ശ്രീധരന് വ്യക്തിപരമായി കുറെയധികം വോട്ടുകൾ സമാഹരിക്കാനായെങ്കിലും ബി ജെ പിയുടെ വോട്ടുകൾ ചോർന്നത് തിരിച്ചടിയുണ്ടാക്കി.

ഈ തെരഞ്ഞെടുപ്പ് കാലത്തും സംസ്ഥാനത്തെ ബി ജെ പിക്കുള്ളിൽ തമ്മിലടിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പല മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാർത്ഥികൾ ഏറെ വൈകിയാണ് പ്രചാരണം തുടങ്ങിയത്. വിജയപ്രതീക്ഷയുണ്ടായിരുന്ന കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ ഏറെ പിന്നോട്ട് പോയതിനും കാരണം സംഘടനാ പ്രശ്നങ്ങൾ തന്നെയാണ്.

നേമം മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ അത്ഭുതം ഇത്തവണ സൃഷ്ടിക്കാൻ ബി ജെ പിക്ക് കഴിഞ്ഞില്ല. പാർട്ടി വോട്ടുകൾ ചോരുകയും കോൺഗ്രസും സി പി എമ്മും ശക്തമായ പ്രതിരോധം സൃഷ്ടിച്ചതും നേമത്ത് ബി ജെ പി പരാജയപ്പെടാൻ കാരണമായി. തൃശൂരിൽ സുരേഷ്‌ഗോപി പരാജയപ്പെട്ടതും സംഘടനയുടെ ദൗർബല്യം കൊണ്ടുതന്നെ.

വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ ബി ജെ പി പുലർത്തിയെങ്കിലും അതിനനുസരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതിരുന്നതാണ് അവരുടെ തോൽവിക്ക് ഒരു കാരണം. നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒരു മണ്ഡലത്തിൽ പോലും വിജയം ലഭിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു. ബി ജെ പി മുക്ത സംസ്ഥാനമായി കേരളം വീണ്ടും മാറിയത്തിൻറെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പാർട്ടിയുടെ കേന്ദ്ര - സംസ്ഥാന നേതാക്കൾക്ക് കഴിയുകയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :