തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 19 നവംബര്‍ 2015 (11:04 IST)
കണ്ണൂരിൽ കോർപ്പറേഷൻ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമതന്‍ പികെ രാഗേഷിന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന കണ്ണൂര്‍ ഡിസിസിയുടെ തീരുമാനം ശരിയായിരുന്നുവെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിമതന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു.
വിമതന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന നിലപാട് കെപിസിസി സ്വീകരിച്ചിട്ടുള്ളതാണ്. അതുപ്രകാരം കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി തികച്ചും ശരിയാണെന്നും ചെന്നിത്തല പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടാന്‍ കാരണം കെ.സുധാകരന്റെ നിലപാടുകളാണെന്ന എ ഗ്രൂപ്പിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് ചെന്നിത്തലയുടെ അഭിപ്രായം എന്നതും ശ്രദ്ധേയമാണ്.
വിഷയത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി ശരിയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് പാർട്ടിയുടെ പിന്തുണയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ബുധനാഴ്ച നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച പി.കെ.രാഗേഷ് എല്‍ഡിഎഫിനു വോട്ടു ചെയ്തതോടെയാണ് കോണ്‍ഗ്രസിനു ഭരണം നഷ്ടപ്പെട്ടത്. എല്‍ഡിഎഫിലെ ഇ.പി.ലതയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.