'എങ്കില്‍ തുണിയുടുക്കാതെ നടന്നോ'; വനിത ഡോക്ടറെ അപമാനിച്ച സെക്രട്ടറിയറ്റ് ജീവനക്കാരനെതിരെ കേസ്

രേണുക വേണു| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (09:22 IST)

സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍ ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ വനിത ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടറിയറ്റ് ജീവനക്കാരില്‍ ഒരാള്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന കെഎംപിജിഎ അസോസിയേഷന്‍ പ്രസിഡന്റ് അജിത്രയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതേതുടര്‍ന്ന് ഇവര്‍ സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ കാത്തിരിക്കുമ്പോള്‍ ഐഡി കാര്‍ഡുള്ള ഒരാള്‍ വന്ന് തന്നോട് കാല്‍ താഴ്ത്തി ഇട്ട് ഇരിക്കാന്‍ പറയുകയായിരുന്നെന്ന് അജിത്ര ആരോപിച്ചു. ഇവിടെ ഒരുപാട് വലിയ ആളുകള്‍ വരുന്നതാണ് എന്നും പറഞ്ഞു. തനിക്ക് സൗകര്യപ്രദമായി രീതിയിലാണ് ഇരിക്കുന്നതെന്നും എന്താണ് കാലിന് മുകളില്‍ കാല് കയറ്റി വച്ച് ഇരുന്നാല്‍ എന്നും ചോദിച്ചപ്പോള്‍ ''എങ്കില്‍ തുണിയുടുക്കാതെ നടന്നോ'' എന്നു പറയുകയും ചെയ്തു എന്നാണ് അജിത്രയുടെ പരാതി. തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര ഇന്നലെ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :