കോട്ടയം|
jibin|
Last Modified ശനി, 4 ജൂണ്‍ 2016 (14:54 IST)
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്‌ത്തി കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിഛായയില്‍ മുഖപ്രസംഗം. പക്വമതിയും അനുഭവ സമ്പത്തുള്ള നേതാവാണ് പിണറായിയുടെ ആദ്യ ചുവടുകള്‍ അഭിനന്ദനാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ വിശാല മനസ്കത രാഷ്ട്രീയ കൊലപാതകങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.
സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ പിണറായി ശ്രമിക്കണം. പലയിടത്തും കൊലവിളികള്‍ ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമീപനം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പിണറായി സ്വീകരിച്ച ആദ്യചുവട് മികച്ചതായിരുന്നു. മുഖ്യമന്ത്രി ചെയ്യുന്ന ജനക്ഷേമപരമായ എല്ലാ കാര്യങ്ങൾക്കും പ്രതിപക്ഷത്തിനൊപ്പം തങ്ങളുടെയും പിന്തുണയുണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിൽ ചെന്നു നേരിട്ടു കണ്ടത്, മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെ കന്റോൺമെന്റ് ഹൗസിലെത്തി കണ്ടത്, ബിജെപി നേതാവ് ഒ രാജഗോപാലിനെ എകെജി സെന്ററിൽ സ്വീകരിച്ചത്, മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചത്, കെആർ ഗൗരിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത് തുടങ്ങിയ ആദ്യചുവടുകൾ അഭിനന്ദനാർഹമാണെന്ന് പ്രതിഛായയിലെ മുഖപ്രസംഗം പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്നും കേരള കോണ്‍ഗ്രസിന്റെ (എം) മുഖപത്രം പറയുന്നു. സോളാര്‍ തട്ടിപ്പ് കേസ്, ബാർ കോഴ, മെത്രാൻ കായൽ വിഷയങ്ങളിലെ ആരോപണങ്ങള്‍ ജനങ്ങളെ യുഡിഎഫിൽ നിന്നകറ്റി. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ പലതും തിരിച്ചടി സമ്മാനിക്കുന്നതായിരുന്നുവെന്നും
പ്രതിഛായ വ്യക്തമാക്കുന്നു.