അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ല; വിമാനയാത്രയെക്കുറിച്ച് ചോദിച്ചത് എങ്ങനെ അപമാനമാകും - കായികമന്ത്രിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

വിമാനം ഉപയോഗിക്കുന്ന വിഷയമാണ് ജയരാജൻ അഞ്ജുവിനോട് ചോദിച്ചത്

അഞ്ജു ബോബി ജോര്‍ജ് , പിണറായി വിജയന്‍ , സ്പോര്‍ട്സ് , ഇപി ജയരാജന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 9 ജൂണ്‍ 2016 (13:38 IST)
സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി ഇപി ജയരാജന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ജുവിനോട് മന്ത്രി അപമര്യാദയോടെ പെരുമാറിയിട്ടില്ല. അഞ്ജു തന്നെ വന്നു കണ്ടിരുന്നു. അവര്‍ പരാതിയൊന്നും ഉന്നയിച്ചില്ല. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റിന്റെ വിമാനയാത്രയെക്കുറിച്ച് ചോദിച്ചത് എങ്ങനെ അപമാനമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

വിമാനം ഉപയോഗിക്കുന്ന വിഷയമാണ് ജയരാജൻ അഞ്ജുവിനോട് ചോദിച്ചത്. യാത്രകൾക്ക് കേരളത്തിൽ സാധാരണഗതിയിൽ സ്വീകരിക്കുന്ന ഒരു രീതിയുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ജുവിനെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരുന്നതിനാണ് വിമാനയാത്രകള്‍ ഉള്‍പ്പടെയുള്ളവയില്‍ ഇളവ് നല്‍കിയിരുന്നത്. ഇത് ശരിയായ രീതിയല്ലെന്നാണ് അഞ്ജുവിനോട് പുതിയ കായിക മന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയക്കാരിയായല്ല മറിച്ച് കായിക താരമായാണ് സർക്കാർ അഞ്ജുവിനെ കാണുന്നതെന്ന് താൻ പറഞ്ഞിരുന്നു. വളരെ നല്ല നിലയിലാണ് താനുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

മുല്ലപ്പെരിയാർ പ്രശ്നം സംഘർഷത്തിലൂടെ പരിഹരിക്കാൻ കഴിയില്ല. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ തമിഴ്നാടിന്‍റെ സഹകരണം കേരളത്തിന് ആവശ്യമാണ്. കേരളത്തിന്‍റെ സാമ്പത്തികനില അതീവ ഗുരുതരമാണ്. അതിനാല്‍ തന്നെ സര്‍ക്കാരിന് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടിയതായിട്ടുണ്ട്.

ജനവിധിയെ അംഗീകരിച്ചുള്ള ഭരണമാകും എൽ.ഡി.എഫ് കാഴ്ചവെക്കുക. അഴിമതിക്കെതിരായ നടപടികളുമായി മുന്നോട്ടുപോകും. മുന്നിൽവരുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം തീർപ്പാക്കും. മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് പദവി നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :