അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (12:25 IST)
കേരള നിയമസഭയുടെ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു നേതാക്കളും ഷംസീറിനെ പ്രശംസിച്ചു. ഷംസീറിന് പ്രായത്തെ കടന്നു കടന്നുനിൽക്കുന്ന പക്വതയും പരിജ്ഞാനവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ ഒരു റഫറി ആണെന്നോ നിഷ്പക്ഷനായ ഒരാളാകണമെന്നോ അഭിപ്രായമുള്ള ആളല്ല താനെന്ന് വിഡി സതീശൻ വ്യക്തമാക്കി. താരതമ്യേന ചെറു പ്രായത്ത് സഭാധ്യക്ഷ സ്ഥാനത്തെത്തിയവർ നിരവധി പേരുണ്ട്. ഈ സഭയിലെ അംഗങ്ങളിൽ 33 പേർ 27നും 48നും ഇടയിൽ പ്രായമുള്ളവരാണ്. പൊതുവിൽ സഭയ്ക്കൊരു ചെറുപ്പമുണ്ട്. ആ പ്രായഗണത്തിൽപ്പെട്ട ഒരാൾ അധ്യക്ഷസ്ഥാനത്ത് വരുമ്പോൾ സഭയുടെ സമസ്ത പ്രവർത്തന മണ്ഡലങ്ങളിലും പ്രസരിപ്പ് വരുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ തെരെഞ്ഞെടുപ്പിൽ യുഡിഎഫിലെ അൻവർ സാദത്തിനെയാണ് ഷംസീർ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടുകളുമാണ് ലഭിച്ചത്.