നികേഷിനെതിരായ നടപടി കടന്നുകയറ്റമെന്ന് പിണറായി

തിരുവനന്തപുരം:| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (15:42 IST)
റിപ്പോര്‍ട്ടര്‍ ചാനല്‍ സി.ഇ.ഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നടപടി
അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവുമാണെന്ന് ആണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മാധ്യമ സ്ഥാപനം ആയാല്‍ നികുതി അടയ്ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നല്‍കുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയില്‍ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാന്‍ കഴിയൂ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ പറഞ്ഞു

പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യദാതാക്കളില്‍ നിന്നും സേവന നികുതി ഇനത്തില്‍ കൈപ്പറ്റിയ തുക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഒന്നരക്കോടി രൂപയോളം രൂപ സേവന നികുതി കുടിശ്ശികയായി റിപ്പോര്‍ട്ടര്‍ ടി.വി നല്‍കാനുണ്ട്. ഇത് കാണിച്ച് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം പല തവണ നോട്ടീസ് അയച്ചിരുന്നെന്നും എന്നാല്‍ തുകയടയ്ക്കാത്തതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് സൂചന.


പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചുവടെ.....

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ എക്സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും ആണ്.
കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുകയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ട നികുതി അഞ്ച് ശതമാനമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്
മുന്‍പ് കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിനിര്‍ത്തിയ അനുഭവമുണ്ട് . 2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലേക്ക് ചേരേണ്ട 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്.
മാധ്യമ സ്ഥാപനം ആയാല്‍ നികുതി അടയ്ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നല്‍കുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയില്‍ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാന്‍ കഴിയൂ.
ഒരു സമൂഹത്തില്‍ ഇരട്ടനീതി പാടില്ല. സേവന നികുതി കുടിശ്ശികയുടെ പേരില്‍ മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തനിര്‍വഹണം തടസ്സപ്പെടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :