വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (13:59 IST)
പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫൈസലിനും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് പ്രത്യേക എൻഐഎ കോടതി. ഇനിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ല എന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ച്. മാവോയിസ്റ്റ് സംഘടനകളുമായി ഒരുതരത്തിലുമുള്ള ബന്ധവും പുലർത്തരുത് എന്ന് കോടതി ഇരുവർക്കും മുന്നറിയിപ്പ് നൽകി.
മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം കോടതി നിർദേശിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. പാസ്‌പോർട്ട് കൊടതിയിൽ കെട്ടിവയ്ക്കണം, ആഴ്ചയിൽ ഒരുദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നിങ്ങനെ കർശന ഉപാധികളും വച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയതിനെ തുടർന്ന് 10 മാസങ്ങൾക്ക് മുൻപാണ് ഇരുവരും അറസ്റ്റിലാകുന്നത്. ഇവർക്കെതിരെ യുഎപിഎ ചുമത്തിയത് സംസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു.