jibin|
Last Updated:
ശനി, 25 ജൂലൈ 2015 (13:07 IST)
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് ആര്‍എസ്‌പി രംഗത്ത്. മൂന്ന് എംഎല്‍എമാര്‍ ഉള്ള തങ്ങള്‍ക്ക് എന്തികൊണ്ടും ആ സ്ഥാനം അര്‍ഹമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആര്‍എസ്‌പി അറിയിച്ചു. കോണ്‍ഗ്രസിലെ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാനുള്ള നീക്കമാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചത്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ആര്‍എസ്പിക്ക് അവകാശമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണും പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനം അറിഞ്ഞ ശേഷമേ ആര്‍എസ്പി കടുത്ത നിലപാടിലേക്ക് പോകുകയുള്ളു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തീരുമാനമെടുക്കുകയാണെങ്കില്‍ നിലപാട് കടുപ്പിക്കുമെന്നാണ് ആര്‍എസ്പി വ്യക്തമാക്കുന്നത്. നിര്‍ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികച്ച വിജയത്തില്‍ ആര്‍എസ്പിക്കും പങ്കുണ്ടെന്നും നേതാക്കള്‍ പറയുന്നു.
അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.