ന്യൂഡല്‍ഹി/തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 20 മെയ് 2016 (19:46 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൌണ്ട് തുറക്കാനായെങ്കിലും ബിഡിജെഎസുമായുള്ള ബന്ധം ഗുണം ചെയ്‌തില്ലെന്ന് ബിജെപി നേതൃത്വം കണക്കാക്കുന്നുണ്ടെങ്കിലും ഈ ബന്ധം തുടരാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ഈ ബന്ധം തുടരാന്‍ ധാരണയായിരിക്കുന്നത്.
ബിഡിജെഎസുമായി സഖ്യമായതോടെ ഇത്തവണ വന്‍ ജയം സ്വന്തമാക്കാം എന്ന ധാരണയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ആലപ്പുഴയിലും തിരുവനന്തപുരത്തും ഇടുക്കിയിലും ബിഡിജെഎസ്
സഹായിക്കുമെന്ന് കരുതിയെങ്കിലും തിരിച്ചടിയാണ് ഉണ്ടായത്. സ്വന്തം വോട്ടുകള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ബിഡിജെഎസില്‍ നിന്ന് കൂടുതല്‍ സഹായം ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. എങ്കിലും മുന്നോട്ടുള്ള പോക്കില്‍ ഈ ബന്ധം ഗുണം ചെയ്യുമെന്ന ഉറച്ച ധാരണയാണ് ബിജെപിക്കുള്ളത്.
2019 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സൃഷ്‌ടിക്കുകയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. കേരളത്തില്‍ ഒരു സീറ്റ് എന്നത് വോട്ട് ശതമാനം 20 ആക്കി ഉയര്‍ത്തി കുടുതല്‍ സീറ്റുകള്‍ കൂട്ടിയെടുക്കാനാണ് പദ്ധതി. ഇതിനായി ബിഡിജെഎസുമായുള്ള സഖ്യം പാര്‍ട്ടി തുടരും. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റെങ്കിലും നേടണമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ കൂട്ടുക്കെട്ട് നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
വ്യാഴാഴ്‌ചത്തെ വലിയ തിരിച്ചടികളോടെ കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ആറെണ്ണം ചെറിയ സംസ്‌ഥാനങ്ങളാണെന്നും അത് വെറും 15 ശതമാനം ജനസംഖ്യയില്‍ ആണെന്നും ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയുടെ മുദ്രാവാക്യമായ കോണ്‍ഗ്രസ് മുക്‌ത ഭാരതം നടപ്പാകണമെങ്കില്‍ കേരളത്തിലും ബിജെപിയുടെ ശക്തി തെളിയിക്കേണ്ടതായിട്ടുണ്ട്. ഒറ്റയ്‌ക്ക് അത്തരമൊരു സാഹചര്യമൊരുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാല്‍ ബിഡിജെഎസിന്റെ ചങ്ങാത്തം തുടര്‍ന്നേ തീരു എന്നാണ് ബിജെപിയുടെ നേതൃത്വം വ്യക്തമാക്കുന്നത്.