പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച കരുത്തനായ കമ്മ്യൂണിസ്റ്റ്

മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും പിണറായിക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു

പിണറായി വിജയന്‍ , സി പി എം പാര്‍ട്ടി , കമ്മ്യൂണിസ്‌റ്റ് , നിയമസഭ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| ജിയാന്‍ ഗോണ്‍‌സാലോസ്| Last Updated: വെള്ളി, 20 മെയ് 2016 (16:49 IST)
ചടയന്‍ ഗോവിന്ദന്റെ മരണത്തോടെ 1998ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയനെ കൈപിടിച്ചുയര്‍ത്തിയത് വിഎസ് അച്യുതാനന്ദന്‍, പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി ചുവടുവെക്കുമ്പോള്‍ വിഎസ് വഴിമാറി കൊടുത്തതോടെ പുതിയൊരു ചരിത്രമാണ് എഴുതപ്പെട്ടത്.

പ്രവര്‍ത്തനത്തിലും വാക്കിലും വിട്ടുവീഴ്‌ചയില്ലാത്ത നേതാവ്, വിവാദങ്ങളിലും തകര്‍ച്ചയിലും പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച കരുത്തനായ മനുഷ്യന്‍. വിഭാഗിയതയില്‍ ആടിയുലയുമ്പോഴും നിലപാടുകളില്‍ ഉറച്ചു നിന്ന് പിളര്‍പ്പില്‍ നിന്നും തിരിച്ചടികളില്‍ നിന്നും തൊഴിലാളി പ്രസ്‌ഥാനത്തെ കാത്തുരക്ഷിച്ച നേതാവ് എന്നീ മേന്മകള്‍ ഉള്ള വ്യക്തിയാണ് മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായ വിജയന്‍ എന്ന പിണറായി വിജയനിലുള്ളത്. നിലപാടുകളായിരുന്നു പിണറായിയെ വ്യത്യസ്ഥനാക്കിയിരുന്നത്. തന്റെ തീരുമാനങ്ങളും പ്രസ്‌താവനകളും തെറ്റാണെങ്കിലും ശരിയാണെങ്കിലും ഏത് പ്രതിസന്ധിയിലും അതില്‍ ഉറച്ചു നില്‍ക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. വിഭാഗീയത പാര്‍ട്ടിയില്‍ കത്തിപ്പടരുമ്പോള്‍ ചിന്നി ചിതറി പോയേക്കാവുന്ന പാര്‍ട്ടിയെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ വിജയന്‍ നടത്തിയ ഇടപെടലുകള്‍ ആര്‍ക്കും വിസ്‌മരിക്കാനാവാത്തതാണ്.

കേരളത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും പിണറായിക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. ഒരു നേതാവിനും നേരിടേണ്ടി വരാത്ത കടുത്ത ആരോപണങ്ങളും രാഷ്‌ട്രീയ വിവാദവും തന്നിലേക്ക് പതിക്കുമ്പോഴും കാര്‍ക്കശ്യവും കടുംപിടുത്തവും കൊണ്ട് ആ സാഹചര്യങ്ങളെ നിസാരവല്‍ക്കരിക്കാന്‍ അദ്ദേഹത്തിനായി. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ മാധ്യമങ്ങള്‍ കൊല്ലാതെ കൊന്നിട്ടും പാര്‍ട്ടിയുടെ ശബ്ദമായത് പിണറായി മാത്രമായിരുന്നു. വര്‍ഷങ്ങളോളം ടിപി കേസ് എതിരാളികള്‍ ആയുധമാക്കിയപ്പോള്‍ പാര്‍ട്ടിക്ക് പോറലേല്‍ക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന യാതൊരു പരാമര്‍ശവും നടത്താന്‍ സഹപ്രവര്‍ത്തകരെയും അണികളെയും അനുവദിച്ചില്ല. പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍ ആകുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ എന്നും വിജനുണ്ടായിരുന്നു.

2011ലെ നിയമസഭ തോല്‍‌വിക്ക് ശേഷം 2016 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുന്നതില്‍ പിണറായി കാണിച്ച മിടുക്ക് സഹപ്രവര്‍ത്തകരെ പോലും ഞെട്ടിച്ചു. പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ ഇറങ്ങി പോയപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും ചിരിക്കാത്ത നേതാവ് എന്ന ഖ്യാതിയുള്ള പിണറായി എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കി എതിരാളികളുടെ വായടപ്പിച്ചു. ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം ഉള്‍ക്കൊണ്ടോ, ജനപ്രിയതയുടെ സൂത്രവാക്യങ്ങളിലൂടെയോ അല്ല, മറിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് ജനഹൃദയങ്ങളിലേക്ക് പിണറായി എന്ന പേര് എഴുതി ചേര്‍ത്തത്.

സംഘടനയില്‍ നക്‍സലൈറ്റുകള്‍ സ്വാധീനമുറപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ പരന്നപ്പോള്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുന്നതില്‍ പങ്കാളിയാകുന്നതില്‍ പിണറായി മുന്നിട്ടു നിന്നു. 1996ല്‍ കേരളത്തിന്റെ സഹകരണ വൈദ്യുതി മന്ത്രിയായ കാലത്ത് അദ്ദേഹത്തിന്റെ കര്‍മ്മശേഷി സംസ്ഥാനം തിരിച്ചറിഞ്ഞു. രണ്ടു വർഷത്തിൽ താഴെ മാത്രമേ ആ സ്ഥാനത്തിരുന്നുള്ളുവെങ്കിലും ഉത്തരമലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും തലശ്ശേരിയിൽ മലബാർ കാൻസർ സെന്റർ സ്ഥാപിക്കാനും അദ്ദേഹത്തിനു സാധിച്ചു. പിന്നീട് വി എസിനൊപ്പം പാര്‍ട്ടിയില്‍ ശക്തിയായി വളര്‍ന്നു. പിണറായിയെ മന്ത്രിയാക്കിയതിലും പാര്‍ട്ടി സെക്രട്ടറിയാക്കുന്നതിലും വിഎസ് വഹിച്ച പങ്ക് നിര്‍ണായകമായി.

പാലക്കാട്ടെ സമ്മേളനത്തില്‍ വിഎസിനൊപ്പം വെട്ടിനിരത്തലിന് പങ്കാളിയായ പിണറായി മലപ്പുറം സമ്മേളനത്തോടെ മറുകണ്ടം ചാടി. പിന്നീട് ഇരുവരും തമ്മിലുള്ള പോരിന് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വന്നത് ചരിത്രം. ഏറെ നാളത്തെ വിഭാഗിയതയ്‌ക്ക് അയവായത് 2015 അവസാനത്തോടെയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവരും ഒറ്റക്കെട്ടായതോടെ എതിരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനാകാതെ വരുകയായിരുന്നു. തുടര്‍ന്ന് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ഇരുവരും പാര്‍ട്ടിയെ നയിച്ചതോളം 2016 മെയ് 19ന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളം തൊഴിലാളി പ്രസ്‌ഥാനത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :