‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകു’മെന്ന പരസ്യവാചകം ഒരു ബൂമറാങ് ആയിരുന്നു; മൈത്രിയുടെ തന്ത്രത്തില്‍ വീണത് യുഡിഎഫ്

രണ്ടുമാസം കൊണ്ടാണ് നാലു പരസ്യവാചകം തയാറാക്കി ഇടതുമുന്നണിയുടെ മുന്നില്‍ വച്ചത്

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും , എല്‍ഡിഎഫ് , നിയമസഭ തെരഞ്ഞെടുപ്പ്
കൊച്ചി| jibin| Last Modified വെള്ളി, 20 മെയ് 2016 (18:33 IST)
എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പരസ്യം ജനങ്ങള്‍ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ കാര്യങ്ങളെല്ലാം അവതാളത്തിലായി. എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പരസ്യവാചകം രാഷ്‌ട്രീയ എതിരാളികളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ വന്‍ വിജയമായി തീരുകയായിരുന്നു.

എല്ലാം ശരിയാകുമെന്ന എല്‍ഡിഎഫിന്റെ പ്രചാരണം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതനന്ദനെ ശരിയാക്കാനാണെന്ന് പരസ്യമായി പറഞ്ഞ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനായിരുന്നു. ഇതോടെ ചാനലുകളും പത്രങ്ങളും എല്ലാം ശരിയാകുമെന്ന പരസ്യവാചകം ഏറ്റുപിടിച്ചു. എന്നാല്‍, അപ്രതീക്ഷിതമായി പരസ്യവാചകം ഹിറ്റായി മാറിയതിന്റെ ഞെട്ടലില്‍ ആയിരുന്നു മൈത്രി അഡ്വര്‍‌ടൈസിംങ് ക്രിയേറ്റിവ് ഡയറക്‍ടര്‍ വേണുഗോപാല്‍.

എല്‍ഡിഎഫിനെ ആക്രമിക്കാനും പരിഹസിക്കാനും പരസ്യം എല്ലാവരും ഉപയോഗിച്ചപ്പോള്‍ തങ്ങള്‍ ജയിക്കുകയായിരുന്നുവെന്ന് പരസ്യത്തിന് രൂപം നല്‍കിയ വേണുഗോപാല്‍ വ്യക്തമാക്കുന്നു. എതിരാളികള്‍ പരസ്യം ആയുധമാക്കിയപ്പോള്‍ നേട്ടം ഉണ്ടായത് ഇടതുമുന്നണിക്കായിരുന്നു. കേരളത്തിലെ ഇത്രയും വലിയൊരു ജനകീയ പ്രസ്‌ഥാനം വിശ്വാസത്തോടെ തങ്ങളെ ഇത്തരമൊരു കടമ ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ട്. ഇതിലൂടെ എല്‍ഡിഎഫിന്റെ വിജയത്തില്‍ പങ്കാളിയാകുന്നതിനും കഴിഞ്ഞുവെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

രണ്ടുമാസം കൊണ്ടാണ് നാലു പരസ്യവാചകം തയാറാക്കി ഇടതുമുന്നണിയുടെ മുന്നില്‍ വച്ചത്. പരസ്യവാചകം മുദ്രാവാക്യം ആവരുത്, അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെയുള്ള അമ്പുകളാകണം എന്നിങ്ങനെയായിരുന്നു ഇടതുമുന്നണി നേതാക്കളുടെ നിര്‍ദേശങ്ങള്‍. തുടര്‍ന്നായിരുന്നു നാല് പരസ്യവാചകങ്ങള്‍ ഉണ്ടാക്കിയത്. ഇതില്‍ നിന്നാണ് എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന പരസ്യവാചകം തെരഞ്ഞെടുത്തത്. ഏതുതരം പ്രസിദ്ധിയും പരസ്യത്തില്‍ ഗുണം ചെയ്യും എന്നതിനാല്‍ ഈ വാചകവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

പരസ്യ ഏജന്‍സിയായ മൈത്രിയിലെ 12 പേരടങ്ങിയ ക്രിയേറ്റീവ് ഗ്രൂപ്പാണ് ഇടതുമുന്നണിക്കു വേണ്ടി പരസ്യം തയ്യാറാക്കുന്ന ചുമതലയിലുണ്ടായിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :