'ഇനി ആ മക്കള്‍ക്ക് കൂടി വല്ലതും പറ്റിയാല്‍ മനുഷ്യരാണെന്ന് പറഞ്ഞ് നമ്മളാരും ജീവിച്ചിരുന്നിട്ട് കാര്യമില്ല': കൊടിക്കുന്നില്‍ സുരേഷ്

ശ്രീനു എസ്| Last Updated: ചൊവ്വ, 29 ഡിസം‌ബര്‍ 2020 (12:07 IST)
സുരക്ഷിതമായ കിടപ്പാടം എല്ലാ മനുഷ്യന്റെയും അവകാശമാണെന്നും മനുഷ്യരെ അവരുടെ വാസസ്ഥലത്ത് നിന്ന് തെരുവിലേക്കെറിയാന്‍ ഒരു സര്‍ക്കാരിനും ഒരു പോലീസിനും അധികാരമില്ലെന്നും നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. രാജനെ സംസ്‌കരിക്കാന്‍ രാജന്റെ മകന്‍ കുഴിവെട്ടുന്ന ഹൃദയഭേദകമായ വീഡിയോ പങ്കുവച്ചു കുറിക്കുകയായിരുന്നു എംപി.

തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പോലീസിനെ പ്രതിരോധിക്കാന്‍ നോക്കിയ, നെയ്യാറ്റിന്‍കര വെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ രാജന്‍ രാവിലെ മരിച്ച വാര്‍ത്ത നിറകണ്ണുകളോടെ ആണ് കണ്ടത്. പോലീസിന്റെ അശ്രദ്ധ മൂലം ആണ് സ്വന്തം കുടുമ്പത്തിന്റെ 'കൂര' സംരക്ഷിക്കാന്‍ ദുര്‍ബലമായ ചെറുത്ത് നില്‍പ്പ് നടത്തിയ ആ അച്ഛന്റേയും അമ്മയുടേയും ദേഹത്തേക്ക് തീ പടര്‍ന്നത്. ഇനി അമ്മ കൂടെ പോയാല്‍ ഞങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ആ മകള്‍ വാര്‍ത്ത ചാനലില്‍ പറഞ്ഞത് കണ്ടു നില്‍ക്കാനായില്ല. അല്‍പ്പം മുന്‍പ് അവരുടെ അമ്മയും മരിച്ചു.
സുരക്ഷിതമായ കിടപ്പാടം എല്ലാ മനുഷ്യന്റെയും അവകാശമാണ്. മനുഷ്യരെ അവരുടെ വാസസ്ഥലത്ത് നിന്ന് തെരുവിലേക്കെറിയാന്‍ ഒരു സര്‍ക്കാരിനും ഒരു പോലീസിനും അധികാരമില്ല. ഇനി ആ മക്കള്‍ക്ക് കൂടി വല്ലതും പറ്റിയാല്‍ മനുഷ്യരാണെന്ന് പറഞ്ഞ് നമ്മളാരും ജീവിച്ചിരുന്നിട്ട് കാര്യമില്ല.-കൊടിക്കുന്നില്‍ സുരേഷ് എംപി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :