കൊച്ചി|
Rijisha M.|
Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (07:42 IST)
പ്രളയത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് പ്രവർത്തനസജ്ജമാകും. ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും ഇതേ വിമാനം തന്നെയായിരിക്കും.
ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റുമതിലിൽ രണ്ടര കിലോമീറ്റർ തകർന്നു. പാർക്കിങ് ബേ, ടെർമിനലുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. റൺവേയിൽ ചെളി അടിഞ്ഞുകൂടി. ആയിരത്തിലേറെപ്പേർ എട്ടു ദിവസത്തോളം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിച്ചാണ് വിമാനത്താവളം പ്രവർത്തനയോഗ്യമാക്കിയത്.
ഏകദേശം 300 കോടിയോളം നഷ്‌ടമാണ് വിമാനത്താവളത്തിന് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ 20 മുതൽ നവീകരണപ്രവർത്തനങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തകർന്ന മതിൽ താത്‌ക്കാലികമായി പുനർനിർമ്മിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ വ്യക്തമാക്കി.