വയോധികന്റെ മരണം കൊലപാതകം : 40 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (13:39 IST)
പത്തനംതിട്ട: വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. പെരിങ്ങനാട് കുന്നത്തുംകര ചിറവരമ്പേൽ വീട്ടിൽ സുധാകരൻ എന്ന 65 കാരണാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു അടൂർ പെരിങ്ങനാട്ട് തന്നെയുള്ള മുണ്ടപ്പള്ളി എന്ന സ്ഥലത്തെ കാവട വീട്ടിൽ ടി അനിൽ എന്ന 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി മുതൽ കോട്ടയം മെഡിക്കൽ കോലി ആശുപത്രിയിൽ സുധാകരൻ ചികിത്സയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു സുധാകരനെ ആശുപത്രിയിൽ എത്തിച്ചത്. പതിനൊന്നാം തീയതിയാണ് സുധാകരൻ മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു സുധാകരന്റെ മകൾ പോലീസിൽ പരാതി നൽകി.

പിതാവിന് പരിക്കേറ്റ സംഭവത്തിൽ സംശയമുണ്ടെന്നും സുധാകരനും അനിലും തമ്മിൽ തർക്കമുണ്ടായി എന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി അനിലിനെ അറസ്റ്റ് ചെയ്തത്.
അനിലിന്റെ കൃഷി സ്ഥലത്തെ കൂലിപ്പണിക്കാരനായിരുന്നു സുധാകരൻ.

സംഭവ ദിവസം ഇരുവരും ചേർന്ന് മദ്യപിക്കുകയും പിന്നീട് കൂലി സംബന്ധിച്ച തർക്കം ഉണ്ടായതോടെ അനിൽ സുധാകരനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സുധാകരന്റെ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം എന്ന് പറഞ്ഞിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :