മന്ത്രിസ്ഥാനം സംബന്ധിച്ച് ചെറുകക്ഷികളില്‍ തര്‍ക്കം: എന്‍ സി പിയില്‍ ധാരണയായി; ജനതാദള്‍ - എസില്‍ തര്‍ക്കം തുടരുന്നു

മന്ത്രിസ്ഥാനം സംബന്ധിച്ച് ചെറുകക്ഷികളില്‍ തര്‍ക്കം: എന്‍ സി പിയില്‍ ധാരണയായി; ജനതാദള്‍ - എസില്‍ തര്‍ക്കം തുടരുന്നു

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 24 മെയ് 2016 (08:21 IST)
സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നണിയിലെ ചെറുകക്ഷികളില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തര്‍ക്കം തുടരുന്നു. രണ്ട് എം എല്‍ എമാര്‍ മാത്രമുള്ള എന്‍ സി പിയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കത്തിന് തിങ്കളാഴ്ച രാത്രിയോടെ പരിഹാരമായി. എന്നാല്‍, ജനതാദള്‍ - എസില്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ജനതാദളിന്റെ എം എല്‍ എമാരായ സി കെ നാണു, കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നപ്പോള്‍ നാണു മന്ത്രിയായി നിര്‍ദേശിച്ചത് കൃഷ്ണന്‍ കുട്ടിയെയായിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കാന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ മാത്യു ടി തോമസ് തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

ഇതിനിടെ, തിങ്കളാഴ്ച വൈകുന്നേരം കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വടകര റെസ്റ്റ് ഹൗസില്‍ രഹസ്യയോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി. വടകരയില്‍നിന്ന് വിജയിച്ച നാണുവിന്റെ പിന്തുണ ഉറപ്പാക്കാനായിരുന്നു യോഗം ചേര്‍ന്നത്. യോഗത്തില്‍ കൃഷ്ണന്‍കുട്ടിക്ക് പിന്തുണ നല്‍കാന്‍ തീരുമാനമായി.

അതേസമയം, എന്‍ സി പിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് രാത്രി വൈകി തീരുമാനമായി. രണ്ട് എം എല്‍ എമാരും രണ്ടര വര്‍ഷം വീതം മന്ത്രിമാരാകാനാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യ രണ്ടരവര്‍ഷം ശശീന്ദ്രന്‍ ആയിരിക്കും മന്ത്രി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :