സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (20:23 IST)
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങള്‍ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂര്‍വമായ സമീപനം ജീവനക്കാര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

രോഗികളുടെ കൂടെയെത്തുന്നവര്‍ക്ക് സഹായകരമായി രക്തം മുതലായ സാമ്പിളുകള്‍ ശേഖരിക്കാനുള്ള കളക്ഷന്‍ സെന്ററുകള്‍ അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് സ്ഥാപിക്കും. രോഗികളുടെ വിവരങ്ങളും ഐസിയു വെന്റിലേറ്റര്‍ തുടങ്ങിയവയുടെ വിവരങ്ങളും അറിയാന്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ഹൃദയസംബന്ധമായ രോഗങ്ങളുമായി വരുന്നവരുടെ അടിയന്തര ചികിത്സയ്ക്കായി ചെസ്റ്റ് പെയിന്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. രോഗികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വേഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അത്യാഹിത വിഭാഗത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനമൊരുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :