എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (15:13 IST)
തിരുവനന്തപുരം: മുളകുപൊടി എറിഞ്ഞു വൃദ്ധന്റെ മാല കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി പുളിയൻകുട്ടി തെക്കേ തെരുവ് സ്വദേശി മുഹിയുദ്ദീൻ അബ്ദുൽ ഖാദർ എന്ന 22 കാരനെ തെങ്കാശിയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. കുന്നപ്പുഴ ജംഗ്‌ഷനിൽ മുറുക്കാൻ കട നടത്തുന്ന ജോൺസൺ ആക്രമിച്ചാണ് ഇയാൾ മാല കവർന്നത്. കട അടച്ചു വീട്ടിലേക്ക് പോകുമ്പോഴാണ് അബ്ദുൾ ഖാദർ ജോൺസന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു കഴുത്തിൽ കിടന്ന മൂന്നു പവന്റെ മാല തട്ടിയെടുത്തത്.
വിവരം അറിഞ്ഞു പൂജപ്പുര പോലീസ് കേസെടുത്തു സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്‌ഡ് ക്രൈം അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘത്തെ വിവരം അറിയിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ സമീപ സ്ഥലങ്ങളിലെ ബേക്കറികളിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന ജോലി ചെയ്യുന്നയാളാണെന്നു കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തിൽ തെങ്കാശിയിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്തു.