കോട്ടയം|
Last Modified ശനി, 17 ഓഗസ്റ്റ് 2019 (18:07 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ്. കുമരകം സ്വദേശിയായ യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച കുമരകം
പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ലണ്ടനില്‍ ജോലി ചെയ്യുന്നു എന്നു പറഞ്ഞാണ് യുവതി യുവാവുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത്. ഇതിനിടെ
സമ്മാനങ്ങള്‍ അയച്ചു നല്‍കാമെന്ന് യുവതിയുടെ വാക്കുകള്‍ യുവാവ് വിശ്വസിച്ചു. വിലകൂടിയ കാമറയുടെയും മൊബൈൽ ഫോണുകളുടെയും ചിത്രങ്ങള്‍ ഇവര്‍ യുവാവിന് അയച്ചു നല്‍കി.
ഇഷ്‌ടപ്പെട്ടത് തിരഞ്ഞെടുത്തോളാന്‍ നിര്‍ദേശം കൊടുത്തു. യുവാവ് മറുപടി നല്‍കുകയും ചെയ്‌തു. ഡല്‍ഹിയില്‍ ഗിഫ്‌റ്റ് എത്തിയെങ്കിലും കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ അവ പിടിച്ചുവെച്ചു എന്നും, ഇവ വിട്ടുകിട്ടാന്‍ 80,500 രൂപ രൂപ നല്‍കണമെന്നും യുവതി ഫോണിലൂടെ ആവശ്യപ്പെട്ടു.
പലരില്‍ നിന്നും കടം വാങ്ങിയ തുക യുവതി പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് യുവാവ് ഇട്ടു നല്‍കി. അടുത്ത ദിവസം ഒരു ലക്ഷം രൂപ കൂടി യുവതി ആവശ്യപ്പെട്ടു. എന്നാല്‍ അമ്പതിനായിരം രൂപയോളം ഇയാള്‍ സംഘടിപ്പിച്ച് നല്‍കി. ഒരാഴ്‌ച കഴിഞ്ഞിട്ടും യുവതിയെ ഫോണില്‍ കിട്ടാതിരുന്നതോടെ യുവാവ് ചതി മനസിലാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.