പത്തനംതിട്ട|
jibin|
Last Modified വെള്ളി, 24 ജൂലൈ 2015 (10:26 IST)
ട്രെയിനില്‍നിന്ന് വീണ് മരിച്ച കോന്നിയിലെ പെണ്‍കുട്ടി ആര്യ കെ സുരേഷിന്റെ സംസ്‌കാരം മാറ്റിവെച്ചു. ഞായറാഴ്ച സംസ്‌കാരം നടത്താനാണ് നിലവില്‍ ബന്ധുക്കളുടെ തീരുമാനം. ആര്യയുടെ അച്ഛന് സൗദിയില്‍നിന്നും ഇതുവരെ പുറപ്പെടാന്‍ കഴിയാത്തതിനാലാണ് സംസ്‌കാരം മാറ്റിയത്.
ആര്യയുടെ അച്ഛന്‍ സുരേഷ് എത്തിയ ശേഷം ഇന്ന് വൈകിട്ട് മൂന്നു മണിയോടെ ആര്യയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ യാത്രാരേഖകള്‍ ശരിയാകാത്തതിനാല്‍ തിരിച്ചുവരവ് നടക്കാതെ വരുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ആര്യയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ചത്തേക്ക് മാറ്റിയത്.
ഇന്ന് രാത്രിയോ നാളെയോ സുരേഷിന് സൗദിയില്‍നിന്ന് തിരിക്കാനാകുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് ആര്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഈ മാസം ഒമ്പതാം തീയതിയാണ് കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആര്യയെയും ആതിരയെയും രാജിയെയും കാണാതായത്. തുടര്‍ന്ന് മൂവരെയും ട്രെയിനില്‍നിന്ന് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആതിരയും രാജിയും വീഴ്‌ചയില്‍ തന്നെ മരിച്ചിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആര്യ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.