പരവൂര്‍ ദുരന്തം; ചാത്തനൂര്‍ എസിപി കൊല്ലം കമ്മീഷ്‌ണറെ തെറ്റിദ്ധരിപ്പിച്ചോ ? - വിവാദകത്ത് പുറത്ത്

ചാത്തനൂര്‍ എസിപി എംഎസ് സന്തോഷ് കൊല്ലം സിറ്റി കമ്മീഷണര്‍ പി പ്രകാശിന് നല്‍കിയ കത്ത് പുറത്തുവന്നു

കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ , പരവൂര്‍ ദുരന്തം , പി പ്രകാശ് , ചാത്തനൂര്‍ എസിപി
കൊല്ലം| jibin| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (13:54 IST)
പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ വ്യക്തമാക്കിയതിന് പിന്നാലെ വെടിക്കെട്ടിനു അനുമതി നല്‍കാമെന്ന് കാണിച്ച് ചാത്തനൂര്‍ എസിപി എംഎസ് സന്തോഷ് കൊല്ലം സിറ്റി കമ്മീഷണര്‍ പി പ്രകാശിന് നല്‍കിയ കത്ത് പുറത്തുവന്നു.

ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് കഴിഞ്ഞ ആറാം തീയതി സിറ്റി പൊലീസ് കമ്മിഷണര്‍ കലക്ടർക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീടാണ് ചാത്തനൂര്‍ എസിപിയുടെ ശിപാര്‍ശ പ്രകാരം കമ്മീഷണര്‍ റിപ്പോര്‍ട്ട് തിരുത്തിയത്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് തിരുത്താന്‍ പൊലീസിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നതായും കത്ത് തെളിയിക്കുന്നു.

അതേസമയം, ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ വ്യക്തമാക്കി. പരിമിതമായ സ്ഥലസൌകര്യമുള്ള പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം പറഞ്ഞിരുന്നതാണ്. വാക്കാല്‍ അനുമതി ലഭിച്ചുവെന്ന ജില്ലാ പൊലീസ് മേധാവി പി പ്രകാശിന്റെ പ്രസ്‌താവന ബാലിശമാണെന്നും അവര്‍ പറഞ്ഞു.

പരിമിതമായ സ്ഥലസൌകര്യമാണ് ഉള്ളതെന്നും അതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വെടിക്കെട്ട് നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട് വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കാട്ടി പൊലീസ് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

എഡിഎം പറഞ്ഞിട്ടും വെടിക്കെട്ട് നടത്തിയതിനെക്കുറിച്ചും വിഷയത്തില്‍ പൊലീസിന്റെ മനം മാറ്റം എങ്ങനെ ഉണ്ടായി എന്നറിയാനും വിശദീകരണം ചോദിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നും ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :