ലോക്ക്ഡൗണ്‍: അടിയന്തര യാത്രയ്ക്ക് ഓണ്‍ലൈന്‍ പാസ്, ചെയ്യേണ്ടത് ഇങ്ങനെ

നെല്‍വിന്‍ വില്‍സണ്‍| Last Updated: ശനി, 8 മെയ് 2021 (18:40 IST)

കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. pass.bsafe.kerala.gov.in എന്ന സൈറ്റിലാണ് ഓണ്‍ലൈന്‍ പാസിനായി അപേക്ഷിക്കേണ്ടത്. പേര്, അഡ്രസ്, യാത്ര ചെയ്യുന്ന വാഹനം, വാഹനത്തിന്റെ നമ്പര്‍, യാത്രക്കാരുടെ എണ്ണം, യാത്ര ചെയ്യുന്ന ദിവസം, തിരിച്ചുവരുന്ന ദിവസം തുടങ്ങി എല്ലാ വിവരങ്ങളും ഈ പാസില്‍ നല്‍കണം. യാത്ര ചെയ്യുന്നവര്‍ ഐഡി കാര്‍ഡും കൈയില്‍ കരുതണം. ഈ സേവനം ഉപയോഗിക്കേണ്ടത് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം. പൊലീസ് ഇത് പരിശോധിക്കും. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതിയാലും മതി.
നാളെ മുതല്‍ ഓണ്‍ലൈന്‍ യാത്രാപാസ് നിര്‍ബന്ധമാകും. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ വിഭാഗത്തിലുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതി യാത്ര ചെയ്യാം.


മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കേരളത്തില്‍ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള വൈറസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വൈറസിന്റെ തീവ്രവ്യാപന ശേഷിയാണ്. അതീവ ജാഗ്രത വേണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കൂടുതല്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ചികിത്സാ സൗകര്യങ്ങള്‍ കുറവുള്ള സ്ഥലങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഡുതല സമിതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കി കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെടണമെന്നും പിണറായി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 41,971 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.25 ആണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :