മദ്യ‌വിൽപന കുറഞ്ഞു, ലഹരി ഉപഭോഗം കൂടി: സഭയിൽ കണക്കുകൾ പുറത്തുവിട്ട് സർക്കാർ

അഭിറാം മനോഹർ| Last Updated: ബുധന്‍, 27 ഒക്‌ടോബര്‍ 2021 (14:05 IST)
സംസ്ഥാനത്തെ മദ്യം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാനസർക്കാർ. ലോക്ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞെന്ന് മന്ത്രി എംവി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. അതേസമയം ഇക്കാലയളവിൽ ലഹരിഉപയോഗം കൂടി.

2016-17 കാലത്ത് 205. 41 ലക്ഷം കെയ്സ് വിദേശമദ്യവും 150. 1.3 ലക്ഷം കെയ്സ് ബിയറുമാണ് സംസ്ഥാനത്ത് വിറ്റത്. എന്നാൽ 2020-2021 കാലയളവിൽ ഇത് 187. 22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞു. നികുതി വർധിപ്പിച്ച‌തിനാൽ പക്ഷേ മദ്യത്തിൽ നിന്നുള്ള വരുമാനത്തിൽ വർധനവുണ്ട്. ബെവ്‌കോ ഔട്ട്ലറ്റുകൾ കുറച്ചത് കൊണ്ട് മദ്യ ഉപഭോഗം കുറയില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എക്സൈസ് പിടികൂടിയ ലഹരി കേസുകളിൽ കണ്ടെത്തിയ തൊണ്ടിമുതലുകളുടെ അളവ് നോക്കുമ്പോൾ ലഹരി ഉപയോ​ഗം കൂടിയതായി വേണം കരുതാൻ. എക്സൈസ് എൻഫോഴ്സ്മെന്റ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ ചില നിയമങ്ങൾ ഇതിന് തടസമാവുന്നുണ്ട്. ഇത്തരം നിയമങ്ങളിൽ ഭേദഗ‌തി വരുത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളിലെ ലഹരി ഉപയോ​ഗം തടയാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എക്സൈസിന് കേസെടുക്കാൻ നിലവിൽ സാഹചര്യമില്ല. ഇക്കാര്യത്തിലും ചട്ട‌ഭേദഗതി വരുത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :