കോവിഡ് ചികിത്സ: തിരുവനന്തപുരം സ്വകാര്യ ആശുപത്രികളില്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍

ശ്രീനു എസ്| Last Modified ശനി, 8 മെയ് 2021 (19:04 IST)
ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളുടേയും കിടക്കകളുടേയും ലഭ്യത ഉറപ്പാക്കുകയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തം.

സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കളക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളില്‍ പകുതി എണ്ണം കെ.എ.എസ്.പി. പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രോഗികള്‍ക്കു മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ കര്‍ശനമായി ഉറപ്പാക്കും. ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുവഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീര്‍ത്തും സുതാര്യമാക്കണം. ആളുകള്‍ക്ക് കിടക്കകള്‍ ലഭിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :