കോട്ടയം/പാല|
jibin|
Last Modified ശനി, 23 ഏപ്രില്‍ 2016 (17:27 IST)
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു അതികായകന്റെ വീഴ്‌ച കണ്ട വര്‍ഷമായിരുന്നു 2015. വളരുകയും അതിനൊപ്പം തന്നെ പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസിന്റെ (എം) ചെയര്‍മാന്‍ കെഎം മാണി ബാര്‍കോഴ ആരോപണത്തില്‍ കളങ്കിതനായി രാജിവെക്കേണ്ടിവന്നതായിരുന്നു കഴിഞ്ഞവര്‍ഷത്തെ വലിയ രാഷ്‌ട്രീയ സംഭവം. ധനമന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം ആരോപണങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും പാതിയോളം തലയൂരിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സമ്മര്‍ദ്ദത്തിലാണ് അദ്ദേഹവും പാര്‍ട്ടിയും.
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണിയും സംഘവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. പിസി ജോര്‍ജ് പാര്‍ട്ടി വിട്ടതിന് പിന്നാലെ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പിജെ ജോസഫിന്റെ ശക്തകളായ ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതും മാണിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇവര്‍ക്കൊപ്പം നല്ല ഒരു ശതമാനം വോട്ടും കൂറുമാറിയെന്നാണ് മാണി കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ പാലായില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കുക എന്നതാണ് മാണിയുടെ ലക്ഷ്യം. മാണി സി കാപ്പന്‍ തന്നെയാണ് ഇത്തവണയും മാണിയുടെ എതിരാളി. കഴിഞ്ഞ തവണത്തെ ജയം നിറംമങ്ങിയതായിരുന്നുവെന്ന പാളയത്തിലെ സംസാരത്തിന് അറുതിവരുത്തകയും വേണം. 5,258 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇത്തവണ ബാര്‍ കോഴയടക്കമുള്ള ആരോപണങ്ങള്‍ രൂക്ഷമായതിനാല്‍ പ്രചാരണം ശക്തമാക്കി മണ്ഡലം ഇളക്കിമറിക്കാന്‍ മാണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
ഇതുവരെ നടത്തിയതിനേക്കാള്‍ ശക്തമായ പ്രചാരണം നടത്തി ഒരു വോട്ടു പോലും നഷ്‌ടമാകാതിരിക്കാന്‍ വാര്‍ഡ് തലത്തില്‍ പ്രത്യേക മീറ്റിംഗുകളും നടന്നു കഴിഞ്ഞു. മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണവും കൂട്ടായ്‌മകളും നടക്കുന്നുണ്ട്. ഒരു റൌണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. പാലായില്‍ ജയസാധ്യത ഉറപ്പിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തില്‍ ഇടിവ് സംഭവിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് തന്നെയാണ് മാണിയും സംഘവു വിശ്വസിക്കുന്നത്.