നിയമസഭയിലേക്ക് എട്ട് പെണ്ണുങ്ങള്‍: പ്രതിപക്ഷത്ത് ഇരിക്കാന്‍ മരുന്നിനു പോലും സ്ത്രീസാന്നിധ്യം ഇല്ല; സിപിഐയില്‍ നിന്ന് മൂന്നും സിപിഎമ്മില്‍ നിന്ന് അഞ്ചും സ്ത്രീകള്‍

നിയമസഭയിലേക്ക് എട്ട് പെണ്ണുങ്ങള്‍: പ്രതിപക്ഷത്ത് ഇരിക്കാന്‍ മരുന്നിനു പോലും സ്ത്രീസാന്നിധ്യം ഇല്ല; സിപിഐയില്‍ നിന്ന് മൂന്നും സിപിഎമ്മില്‍ നിന്ന് അഞ്ചും സ്ത്രീകള്‍

തിരുവനന്തപുരം| JOYS JOY| Last Updated: വ്യാഴം, 19 മെയ് 2016 (18:09 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ പൂര്‍ണഫലം പുറത്തുവരുമ്പോള്‍ സഭയില്‍ ഇത്തവണ ഉണ്ടാകുക എട്ട് സ്ത്രീകള്‍. എട്ട് സ്ത്രീകളും ഭരണപക്ഷത്തു തന്നെയായിരിക്കും എന്നതാണ് ഏറെ ശ്രദ്ധേയം. അതേസമയം, പ്രതിപക്ഷത്ത് ഇരിക്കാന്‍ മരുന്നിനു പോലും ഒരു സ്ത്രീയില്ല.

സി പി എമ്മില്‍ നിന്ന് അഞ്ചു സ്ത്രീകളും സി പി ഐയില്‍ നിന്ന് മൂന്ന് സ്ത്രീകളും ആണ് നിയമസഭയിലേക്ക് ജയിച്ചത്. കണ്ണൂരിലെ കൂത്തുപ്പറമ്പില്‍ നിന്ന് സി പി എം സ്ഥാനാര്‍ത്ഥിയായ കെ കെ ഷൈലജ ടീച്ചര്‍ (67013) 12291 ഭൂരിപക്ഷത്തിനാണ് മന്ത്രി കൂടിയായിരുന്നു കെ പി മോഹനനെ (54722) പരാജയപ്പെടുത്തിയത്.

തൃശൂരിലെ നാട്ടികയില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ ഗീത ഗോപി (70218) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ വി ദാസനെ (43441) 26777 ഭൂരിപക്ഷത്തിനാണ് തോല്പിച്ചത്.

ഇടുക്കിയിലെ പീരുമേട്ടില്‍ നിന്ന് സിറ്റിങ് എം എല്‍ എ ആയ ഇ എസ് ബിജിമോള്‍ നേരീയ ഭൂരിപക്ഷത്തിനാണ് ഇത്തവണ ജയിച്ചത്. 314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജിമോള്‍ (56584) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിറിയക് തോമസി (56270) നെ പരാജയപ്പെടുത്തിയത്.

വൈക്കം മണ്ഡലത്തില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ സി കെ ആശ (61997) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എ സനീഷ് കുമാറിനെ (37413) 24584 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

കായംകുളം മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയായ യു പ്രതിഭ ഹരി(72956) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എം ലിജുവിനെ (61099) 11857 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക കൂടിയായ സി പി എം സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് (64523) സിറ്റിങ് എം എല്‍ എ ആയ കെ ശിവദാസന്‍ നായരെ (56877) 7646 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കൊട്ടാരക്കരയില്‍ സി പി എം സ്ഥാനാര്‍ത്ഥി ഐഷ പോറ്റി (83443) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സവിന്‍ സത്യനെ(40811) 42632 വോട്ടുകള്‍ക്കും കുണ്ടറയില്‍ സി പി എം സ്ഥാനാര്‍ത്ഥി മേഴ്‌സിക്കുട്ടി അമ്മ (79047) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ (48587) 30460 വോട്ടുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :