ഒരു ഗതിയും പരഗതിയും ഇല്ലാതെ അഞ്ചു പാര്‍ട്ടികള്‍: ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലായിടത്തും തോറ്റു; ആര്‍ എസ്‌ പിയുടെ മന്ത്രിയും തോറ്റു; വീരനും നിയമസഭയില്‍ ഇനി ഇടമില്ല; ബിഡിജെഎസിന്റെ കുടം തുടക്കത്തിലേ തകര്‍ന്നു

ഒരു ഗതിയും പരഗതിയും ഇല്ലാതെ അഞ്ചു പാര്‍ട്ടികള്‍: ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലായിടത്തും തോറ്റു; ആര്‍ എസ്‌ പിയുടെ മന്ത്രിയും തോറ്റു; വീരനും നിയമസഭയില്‍ ഇനി ഇടമില്ല; ബിഡിജെഎസിന്റെ കുടം തുടക്കത്തിലേ തകര്‍ന്നു

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 19 മെയ് 2016 (16:10 IST)
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോള്‍ വന്‍ മരങ്ങളാണ് കടപുഴകി വീണത്. മന്ത്രി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ പലരും വീണ തെരഞ്ഞെടുപ്പില്‍ നാലു പാര്‍ട്ടികള്‍ക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല. മന്ത്രിയായ ഷിബു ബേബി ജോണ്‍ ചവറയില്‍ തോറ്റത് ആര്‍ എസ് പിയെ പാടേ തകര്‍ത്തു. ഇരവിപുരത്ത് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസും തോറ്റു. അതേസമയം, ആര്‍ എസ് പിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു പോയ കോവൂര്‍ കുഞ്ഞുമോന്‍ ഇടതു സ്വതന്ത്രനായി നിന്ന് വിജയിച്ചു.

മാണിയെ വെല്ലുവിളിച്ച് പാര്‍ട്ടി വിട്ട് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇടതുമുന്നണിയില്‍ ചേക്കേറിയ നാല്‍വര്‍സംഘവും അതിദയനീയമായാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. പാര്‍ട്ടി ചെയര്‍മാനായ കെ എം മാണിയെ വെല്ലുവിളിച്ച് ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, പി സി ജോസഫ്, ഡോ കെ സി ജോസഫ് എന്നിവര്‍ ആയിരുന്നു ഇടതുപാളയത്തില്‍ ചേക്കേറിയത്.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത നേതാവായ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിനെതിരെ ആയിരുന്നു മത്സരിച്ചത്. ശക്തമായ മത്സരം ഉയര്‍ത്തിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിന് വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിനോട് ആന്റണി രാജുവും പൂഞ്ഞാറില്‍ പി സി ജോര്‍ജിനെതിരെ മത്സരിച്ച പി സി ജോസഫും ചങ്ങനാശ്ശേരിയില്‍ ഡോ കെ സി ജോസഫ് കേരള കോണ്‍ഗ്രസ് (എം) ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് സി എഫ് തോമസിനോടും പരാജയപ്പെട്ടു.

വീരേന്ദ്ര കുമാറിന്റെ ജനതാദളിനും ഇത്തവണ നിയമസഭയില്‍ ഇടം കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ടു തവണയായി എം വി ശ്രേയാംസ്കുമാര്‍ ജയിച്ചു കയറിയ കല്പറ്റയില്‍ ഇത്തവണ സി കെ ശശീന്ദ്രനു മുന്നില്‍ അടിപതറി. വടകരയില്‍ മനയത്ത് ചന്ദ്രന് സി കെ നാണുവിന്റെ പ്രഭാവത്തിനു മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. സി എം പിയ്ക്കും കാലിടറി. തൃശൂര്‍ കുന്നംകുളത്ത് സി എം പി സ്ഥാനാര്‍ത്ഥി സി പി ജോണ്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ എ സി മൊയ്‌തീനോട് 7782 വോട്ടുകള്‍ക്ക് തോറ്റു. വെള്ളാപ്പള്ളി നടേശന്റെ ബി ഡി ജെ എസിനു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബി ഡി ജെ എസിന്റെ കുടത്തില്‍ താമര വിരിയുമെന്ന് വെള്ളാപ്പള്ളി പറഞ്ഞെങ്കിലും കുടം ഇല്ലാതെ തന്നെ നേമത്ത് താമര വിരിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :