കതിരൂര്‍ മനോജ് വധം; പി ജയരാജന്‍ പ്രതിയാകും, അറസ്റ്റ് പുറകെ വരും

കണ്ണൂര്‍| VISHNU N L| Last Modified വെള്ളി, 17 ജൂലൈ 2015 (12:10 IST)
കണ്ണൂരിലെ കതിരൂരില്‍ ആര്‍‌എസ്‌എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപി‌എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതിയാകുമെന്ന് സൂചനകള്‍. ഇതു സംബന്ധിച്ച സൂചനകള്‍ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളതായാണ് വിവരം. നിലവില്‍ ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ ആവര്‍ത്തിച്ച് പറയുമ്പോഴും കുറ്റപത്രത്തില്‍ ഇക്കാര്യം സാധൂകരിക്കുന്ന നിരവധി വസ്തു തകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മനോജ് വധക്കേസിലെ ഒന്നാം പ്രതി കെ വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും സിബഐ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മൂന്നാം പ്രതി സി പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയില്‍ കൃഷ്ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കൃഷ്ണന് മനോജുമായോ വിക്രമനുമായോ ബന്ധമില്ല, നേതാക്കള്‍ പറയാതെ കൃഷ്ണന്‍ വിക്രമനെ സഹായിക്കില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം.

കൂടാതെ 1999 ആഗസ്ത് 25ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. സിപിഎമ്മിനെതിരായ നിരവധി രാഷ്ട്രീയ കേസുകളിലും മനോജ് ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മനോജിനെ ഉന്‍മൂലനം ചെയ്യാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതെല്ലാം പി ജയരാജനിലേക്ക് വിരല്‍ ചൂണ്ടുന്ന നിരീക്ഷണങ്ങളാണ്.

ഏറ്റവുമൊടുവില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനോട് വിക്രമനു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറഞ്ഞത് ജില്ലാ സെക്രട്ടറിയാണെന്ന നിഗനമത്തിലാണ് സിബിഐ. ബി.ജെ.പിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ പറയുന്നത്. അന്വേഷണത്തിനിടെ വ്യക്തമായ വസ്തുതകള്‍ എന്ന ഭാഗത്താണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ സിബിഐ വധക്കേസിന്റെ കുറ്റപത്രം മാത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഡാലോചന പ്രത്യേകമായാണ് അന്വേഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഗൂഡാലോചന കേസില്‍ ജയരാജനെ പ്രതിയാക്കിയാക്കി അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജയരാജന്‍ അറസ്റ്റിലായേക്കുമെന്നുള്ള ഭീതി സിപി‌എം നേതാക്കള്‍ക്കുമുണ്ട്. നിലവില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയില്‍ നിന്ന് താല്‍ക്കാലിക അവധിയിലാണ് ജയരാജന്‍. ഹൃദയസംബന്ധമായ ചികിത്സയിലാണ് ഇദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :