കൊച്ചി|
jibin|
Last Modified ശനി, 18 ജൂണ്‍ 2016 (17:00 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയത് വൈകിട്ട് നാലരയ്‌ക്കു ശേഷമെന്ന് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ മൊഴി. രാവിലെ
ജിഷ ശകാരിച്ചതിന്റെ ദേഷ്യത്തിലാണ് കൃത്യം നടത്തിയതെന്നും ആ സമയം, ജിഷയുടെ അമ്മ രാജേശ്വരി വീട്ടിൽ ഇല്ലായിരുന്നുവെന്നും പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
വൈകിട്ട് നാലരയോടെ വീട്ടില്‍ എത്തുമ്പോള്‍ മുന്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇതിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ ജിഷ അവിടെ നില്‍ക്കുന്നത് കണ്ടു. ഈ സമയം ജിഷ തന്നെ ചെരുപ്പൂരി അടിച്ചു. തുടര്‍ന്ന് താന്‍ ജിഷയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു ലൈംഗികമായി കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും
ജിഷ ശക്തമായി ചെറുത്തുനിന്നു. തുടർന്ന് തന്റെ ഇംഗിതത്തിന് ജിഷ വഴങ്ങുന്നില്ലെന്ന് കണ്ട പ്രതി കത്തിയുപയോഗിച്ച് ഒന്നിലേറെ തവണ കുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനഭംഗപ്പെടുത്താൻ വീണ്ടും ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്ന് മാരകമായ ആയുധമുപയോഗിച്ച് ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിക്കുകയും ചെയ്തു. കടിച്ചതിന്റെ ദേഷ്യവും പ്രതിക്കുണ്ടായിരുന്നു. കൊലനടത്തിയ ശേഷം 5.15 ഓടെ തിരിച്ച് വൈദ്യശാല പടിയിലെ മുറിയിലെത്തിയെന്നും അമീറുള്‍ സമ്മതിച്ചിട്ടുണ്ട്.
കൊലയ്ക്കു കാരണം പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്‍ എത്തിയത്. ഇക്കാര്യങ്ങളെല്ലാം അമീറുൽ സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ബലപ്രയോഗത്തിനിടെ ജിഷ പ്രതിയുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ കടിച്ചു. ഇതുള്‍പ്പെടെ ഏഴ് മുറിവുകള്‍ പ്രതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കയ്യിലെ മുറിവില്‍നിന്നുള്ള പ്രതിയുടെ രക്തമാണ് ജിഷയുടെ വീട്ടിലെ വാതില്‍ കൊളുത്തില്‍നിന്ന് പോലീസിന് ലഭിച്ചത്.
അതേസമയം, കേരള പൊലീസ് പ്രതി ജോലി ചെയ്‌തിരുന്ന തമിഴ്നാട്ടിലെ കാഞ്ചീപുരത്തെത്തി തെളിവെടുപ്പു നടത്തി. കാഞ്ചീപുരം ശിങ്കിടിവാക്കത്ത് അമീറുൽ ജോലി ചെയ്തിരുന്ന കൊറിയൻ കമ്പനിയിലായിരുന്നു തെളിവെടുപ്പ്. ഇതു മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. ഡോങ്സെങ് കമ്പനി എച്ച്ആർ മാനേജരുടെ മൊഴി രേഖപ്പെടുത്തി.
പതിനഞ്ചോളം ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചത്. അമീറുൽ എത്രദിവസം ജോലി ചെയ്തുവെന്നും ഏതൊക്കെ തിരിച്ചറിയൽ രേഖകളാണ് ആവശ്യപ്പെടാറുള്ളതെന്നും ഉത്തരേന്ത്യൻ തൊഴിലാളികളുടെ റജിസ്ട്രേഷൻ നടത്താറുണ്ടോയെന്നും ആയിരുന്നു പ്രധാനമായും മാനേജരോട് ചോദിച്ചത്.