ഇറാനിയന്‍ ബോട്ടിലെ ഉപഗ്രഹ ഫോണ്‍ പ്രവര്‍ത്തിച്ചത് ചൈനീസ് സഹായത്തോടെ

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (18:05 IST)
കേരള തീരത്ത് പിടിയിലായ ഇറാനിയൻ ബോട്ടിലുണ്ടായിരുന്നവർ ഉപയോഗിച്ച ഉപഗ്രഹ ഫോണ്‍ പ്രവര്‍ത്തിച്ചത് ചൈനീസ് ഉപഗ്രഹത്തിന്റെ സഹായത്തോടെയാണെന്നും ഇന്ത്യൻ അതിർത്തിയിൽ കടന്നശേഷം നാൽപതിലേറെ തവണ ഇറാനിലേക്കും
പാകിസ്ഥാനിലേക്കും ഫോൺവിളികൾ പോയതായും തെളിവുകൾ ലഭിച്ചു. ഗൾഫിലെ തുറായാ കമ്പനി നിർമ്മിച്ച ഉപഗ്രഹഫോൺ ഫോറൻസിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ലഭിച്ചത്.

മെയ് 25ന് ഇറാനിൽ നിന്നും പുറപ്പെട്ട ബോട്ട് ഇന്ത്യന്‍ തീരത്തിനു സമീപമെത്തിയതോടെ റോയുടെ നിരീക്ഷണ വലയത്തിലായി. ബോട്ടില്‍ നിന്ന് ഉപഗ്രഹ സന്ദേശങ്ങള്‍ തുടരെ തുടരെ പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയതോടെ
ഈ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് ഭാഷാവിദഗ്ധരുടെ സഹായത്തോട‌െ വിവര്‍ത്തനം ചെയ്തതൊടെയാണ് നിയമവിര്‍ദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ ഇന്ത്യയിലേക്ക് അടുക്കുന്നതെന്ന് കണ്ടെത്തിയത്.

ബോട്ടിലുള്ളവർ പിടിയിലാകുന്നതിന് തൊട്ടുമുൻപ് വല മുറിച്ച് കടലിലേക്കൊഴുക്കിയതെന്തിനാണെന്ന് കണ്ടെത്താൻ തീരസംരക്ഷണ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. നേവിയുടെ സഹായത്തോടെ തിരച്ചിൽ തുടരാനാണ് തീരുമാനം. ഇന്ത്യൻ എംബസി വഴി ഇറാൻ സർക്കാരിനെ വിവരമറിയിച്ചെ‌ങ്കിലും ഇതുവരെ മറുപടിയില്ല. മറ്റൊരു രാജ്യത്തുനിന്നുള്ളവർ പിടിയിലാകുമ്പോൾ പാലിക്കേണ്ട ന‌ടപടി ക്രമങ്ങൾ പാലിക്കാനാണ് കത്തയച്ചതെന്നും മറുപടി പ്രതീക്ഷിക്കുന്നില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചശേഷം എൻ.ഐ.എ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :