സ്വര്‍ണ്ണക്കവര്‍ച്ച: മന്ത്രവാദിനി പിടിയില്‍

തൃശൂര്‍| Last Modified തിങ്കള്‍, 13 ജൂലൈ 2015 (17:23 IST)
23.5 പവന്‍റെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം ഉണ്ണി നിവാസില്‍ ഗിരിജ എന്ന 45 കാരിയാണു പൊലീസ് വലയിലായത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ നിന്നാണു തൃശൂര്‍ ഷാഡോ പൊലീസ് ഇവരെ പിടികൂടിയത്.

സംസ്ഥാനത്തും തമിഴ്നാട്ടിലുമായി നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ ഗിരിജ വൃദ്ധ സഹോദരിമാരെ മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയാണ് 23.5 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇവര്‍ക്കെതിരെ 25 കേസുകളാണുള്ളത്.

തൃശൂര്‍ പേരാമംഗലം ചിറ്റിലപ്പിള്ളിയില്‍ വൃദ്ധരായ മൂന്നു സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞ 28 നായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയത്. അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോകും വഴിയായിരുന്നു വൃദ്ധരില്‍ ഒരാളായ സരോജിനിയുമായി പരിചയപ്പെട്ടതും ധനസഹായം ലഭിക്കണമെന്നും ആവശ്യപ്പെട്ടത്.

ഇവരുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം മയക്കുമരുന്നു കലര്‍ത്തിയ ജലം രോഗശാന്തിക്കാണെന്ന് പറഞ്ഞു നല്‍കി. എന്നാല്‍ വൃദ്ധരില്‍ ഒരാള്‍ മരുന്നു കഴിച്ചില്ല. ഇവരോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞു. ഇതിനിടയില്‍ ബോധരഹിതരായവരില്‍ നിന്ന് ആഭരണങ്ങളും കൈക്കലാക്കി പുറത്തുവന്ന ശേഷം ബസ് സ്റ്റോപ്പു വരെ കൂട്ടിക്കൊണ്ടുപോയി.

ഇവര്‍ തിരികെ വന്നപ്പോഴാണ് ബോധരഹിതരായ സഹോദരിമാരെ കണ്ടതും കവര്‍ച്ച അറിഞ്ഞതും. തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് സഹോദരിമാരെ ആശുപത്രിയില്‍ എത്തിച്ചത്. ഇതോടെ നിരവധി കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :