സ്‌കൂള്‍ വളപ്പിനകത്ത് കഞ്ചാവ് ചെടി, എക്‌സൈസിനെ വിവരമറിയിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 25 മെയ് 2021 (19:50 IST)

തൃശൂരില്‍ സ്‌കൂള്‍ വളപ്പിനകത്ത് കഞ്ചാവ് ചെടി കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സ്‌കൂളിന് സമീപമുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് കഞ്ചാവ് ചെടിയുടെ കാര്യം എക്‌സൈസിനെ വിളിച്ചറിയിച്ചത്.

സ്‌കൂളില്‍ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിനോട് ചേര്‍ന്നായിരുന്നു കഞ്ചാവ് ചെടി കണ്ടെത്തിയത്. നൂറ് സെന്റീമീറ്റര്‍ വലിപ്പമുള്ള ചെടിക്ക് രണ്ടര മാസത്തിന്റെ വളര്‍ച്ചയുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ വിവേകോദയം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നിരഞ്ജനയാണ് സ്‌കൂള്‍ വളപ്പിനുള്ളില്‍ നില്‍ക്കുന്ന കഞ്ചാവ് ചെടി തിരിച്ചറിഞ്ഞത്. ചെടി തിരിച്ചറിഞ്ഞ ഉടനെ എക്‌സൈസിനെ വിവരമറിയിച്ചു.

കഞ്ചാവ് ചെടിയെ കുറിച്ചുള്ള വാര്‍ത്തകളും ദൃശ്യങ്ങളും കണ്ടാണ് പെണ്‍കുട്ടി ചെടി തിരിച്ചറിഞ്ഞത്. കഞ്ചാവ് ചെടിയുടെ വിവരം തങ്ങളെ അറിയിച്ച പെണ്‍കുട്ടിയെ എക്‌സൈസ് അഭിനന്ദിച്ചു. ഈ മേഖലയില്‍ നേരത്തേ കഞ്ചാവു സംഘങ്ങള്‍ വ്യാപകമായിരുന്നു. അവര്‍ ഉപേക്ഷിച്ച കഞ്ചാവില്‍ നിന്ന് വളര്‍ന്നതാകാം ചെടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :