കാൻസർ രോഗിയായ മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭർത്താവ് മുങ്ങി; കേസെടുത്ത് വനിതാ കമ്മീഷൻ

ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്.

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (08:09 IST)
കാന്‍സര്‍ രോഗം ബാധിച്ച മകന്റെ ചികിത്സക്കു വേണ്ടി സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സമാഹരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭര്‍ത്താവ് മുങ്ങി. ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്. കൈവശം മരുന്നു വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ വിഷമിച്ചിരുന്ന നിസയ്ക്കും കുടുംബത്തിനും ആശ്വാസമായി പൊതുപ്രവര്‍ത്തകനായ ഷമീര്‍ സോഷ്യല്‍ മീഡിയ വഴി നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കുകയായിരുന്നു. ഈ തുക ഭര്‍ത്താവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചിരുന്നത്.

എന്നാല്‍ ലഭിച്ച പണവുമായി ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇതോടുകൂടി നിസയും മകനും തെരുവിലാവുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ വഴിയാത്രക്കാര്‍ ഭക്ഷണം വാങ്ങി നല്‍കുന്ന വാര്‍ത്തയറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ സ്വമേധയാ വിഷയത്തില്‍ ഇടപെടുകയായിരുന്നു. വനിതാ കമ്മീഷന്‍ വിവരം അറിഞ്ഞ ഉടന്‍ തന്നെ നിസയെ ഫോണില്‍ ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മണക്കാട് സേവാ കേന്ദ്രത്തില്‍ രണ്ടു ദിവസം താല്‍ക്കാലിക സംരക്ഷണം ഏര്‍പ്പെടുത്തി.

ഇതിനെ തുടര്‍ന്ന് യുവതിക്കും മകനും സഹായമാവുകയും പിതാവിനെതിരെ സ്വമേധയാ കേസെടുത്തതായും നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.തുടര്‍ നടപടിയായി സേവാ കേന്ദ്രം പ്രസിഡന്റ് വക്കം ഷാജഹാന്‍ നിസയേയും മകനേയും കമ്മിഷന്‍ ആസ്ഥാനത്ത് ഹാജരാക്കി. രോഗം ബാധിച്ച മകന് പുറമേ നിസയ്ക്ക് ഒരു വയസുള്ള മറ്റൊരു കുട്ടി കൂടി ഉണ്ട്. ഈ കുട്ടിയേയും നിസയുടെ അടുത്ത് എത്തിക്കും. ഇവരുടെ എല്ലാവിധ സംരക്ഷണവും കുട്ടിയുടെ ചികിത്സയും പത്തനാപുരം ഗാന്ധി ഭവന്‍ ഏറ്റെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :