വ്യാജ ആധാർ കാർഡ് നിർമ്മിച്ച്‌ നൽകിയ ആൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:45 IST)
കരുനാഗപ്പള്ളി : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് മൂന്നുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറേൽ കവല, ഉടുമ്പന്നൂർ മനയ്ക്കമാലി അർഷൽ എന്ന 28 കാരനെയാണ് പോലീസ് പിടികൂടിയത്.

കരുനാഗപ്പള്ളി വള്ളിക്കാവിലുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് അഞ്ചു പേരടങ്ങിയ സംഘം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. വ്യാജരേഖകൾ നിർമിച്ചു നൽകുന്നതിൽ അതിവിദഗ്ധനായ ഇയാൾ മലപ്പുറത്ത് നിന്ന് അരക്കോടി രൂപ തട്ടിയെടുത്തത് ഉൾപ്പെടെ 23 കേസുകളിലെ പ്രതിയാണ്.

പണയം വച്ച് പണം തട്ടിയെടുത്ത അഞ്ചു പേരെയും രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനിൽ നിഷാദ്, ഇടുക്കി വാത്തിക്കുടി സ്വദേശി സുനീഷ്, ഇടുക്കി മണിയാർകുട്ടി സ്വദേശി അപ്പു എന്ന ബൈജേഷ്, ഇടുക്കി കട്ടപ്പന സ്വദേശി സുബാഷ്, കോഴിക്കോട് പെരുവണ്ണ സ്വദേശി വിനോദ് എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അർഷലിനെ അറസ്റ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :