എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 31 ജനുവരി 2022 (19:11 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് 1.20 ലക്ഷം തട്ടിയ യുവാവും രണ്ടാം ഭാര്യയും അറസ്റ്റിലായി. പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ അബ്ദുൽ റഹിമാൻ (42), രണ്ടാം ഭാര്യ വള്ളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24)എന്നിവരാണ് തിരുവല്ലം പോലീസിന്റെ വലയിലായത്.
തിരുവല്ലം വണ്ടിത്തടം അപർണാ ഫിനാൻസിൽ കഴിഞ്ഞ പതിനഞ്ചാം തീയതി വച്ച പണയ ഉരുപ്പടിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയ്ക്ക് രണ്ടരയോടെ ഇവർ പണയം വച്ച് പണം വാങ്ങിയ ഉടൻ തന്നെ കാറിൽ കയറി പുഞ്ചക്കരി ഭാഗത്തേക്ക് പോയി. എന്നാൽ ഇവർ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ 9 അക്കം മാത്രം ഉണ്ടായിരുന്നതിനാൽ ഫിനാൻസ് ഉടമ ഇവരെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
സംശയം തോന്നി ഇവർ നൽകിയ പണയ ഉരുപ്പടികൾ നന്നായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇടപാടുകാർ വന്ന കാറിനെ പിന്തുടർന്നെങ്കിലും കൂടെയെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ഇവർ വന്ന കാർ നമ്പർ സഹിതം പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിൽ ഇവരെ ബീമാപ്പള്ളി ഭാഗത്തു നിന്ന് പിടികൂടുകയും ചെയ്തു. ആഡംബര പൂച്ചകളുടെ വ്യാപാരം നടത്തുന്ന അബ്ദുൽ റഹിമാൻ നിരവധി തട്ടിപ്പു കേസുകളിലും ഒരു ബൈക്ക് മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.