ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാമത്, ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നു

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (07:58 IST)
ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ക്ക് ഡെങ്കി ബാധിക്കുന്നത് ഡല്‍ഹിയിലാണെങ്കിലും മരണനിരക്ക് കൂടുതല്‍ കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ് വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഒരുതവണ രോഗം ബാധിച്ചവർക്കു വീണ്ടും രോഗബാധയുണ്ടാകുന്നതാണു മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രണ്ടാമതും ഡെങ്കിപ്പനി വരുമ്പോൾ രക്തസ്രാവമുണ്ടാവുന്നതുമൂലമുള്ള മരണങ്ങളും (ഡെങ്കി ഹെമറേജിക് ഫീവർ), കുഴഞ്ഞുവീണുള്ള മരണങ്ങളുമാണ് (ഡെങ്കി ഷോക് സിൻഡ്രോം) കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.

തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ ജീവിക്കുന്ന 80 ശതമാനം പേർക്കുവരെ ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നും ഇവർക്കു വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മരണനിരക്ക് കൂടുമെന്നുമാണ് ആരോഗ്യവകുപ്പു വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിൽ ഡെങ്കിപ്പനി പടർത്തുന്നതു നാലു തരത്തിലുള്ള വൈറസുകളാണെന്നു രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കണ്ടെത്തിയിരുന്നു.

ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ഡൽഹി, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേരളത്തെക്കാൾ കൂടുതലാണെങ്കിലും മരണനിരക്ക് കുറവാണ്. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർക്കു ഡെങ്കി ബാധിച്ചതു ഡൽഹിയിലാണ് – 3791 പേർ. അവിടെ ഇതുവരെ 17 പേരാണു മരിച്ചത്. കർണാടകയിൽ 3748 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും നാലു മരണം മാത്രമാണുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :