ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (21:09 IST)
ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്ത് അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. തൻ്റെ സങ്കല്പത്തിനൊത്ത് ഉയരാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നിരന്തരം അധിക്ഷേപിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയാണെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹമോചനം അനുവദിക്കുന്നതിന് ഭർത്താവിൽ നിന്നുള്ള ഇത്തരം പെരുമാറ്റം മതിയായ കാരണമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച അപ്പീൻ നൽകികൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ദമ്പതിമാർ തമ്മിൽ ശാരീരികബന്ധമില്ലെന്ന കാരണം പരിഗണിച്ചാണ് നേരത്തെ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചത്. 1869-ലെ വിവാഹമോചന നിയമമനുസരിച്ച് ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന മാനസിക ക്രൂരതയും വിവാഹമോചനം അനുവദിക്കുന്നതിന് പര്യാപ്തമാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.

ശാരീരിക ആകർഷണമില്ലെന്ന് അധിക്ഷേപിച്ച് ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിന് ഭർത്താവ് തയ്യാറായിരുന്നില്ലെന്നും ഭർത്താവിൻ്റെ ഭാഗത്ത് നിന്ന് ഹർജിക്കാരി നേരിട്ട അവഗണന കോടതിയ്ക്ക് ബോധ്യപ്പെട്ടതായും കോടതി പറഞ്ഞു. ദമ്പതികൾ വളരെ കുറച്ചുകാലമാണ് ഒരുമിച്ച് ജീവിച്ചത് എന്നതിനാൽ കുടുംബ ജീവിതത്തിലുണ്ടായ നിരാശയും അസ്വാരസ്യവുമാണ് ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകാനുള്ള കാരണമെന് വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :