ക്രൈസ്തവര്‍ ഓശാനഞായര്‍ ആചരിച്ചു; വിശുദ്ധവാരത്തിന് തുടക്കമായി

ക്രൈസ്തവര്‍ ഓശാനഞായര്‍ ആചരിച്ചു; വിശുദ്ധവാരത്തിന് തുടക്കമായി

കൊച്ചി| JOYS JOY| Last Updated: ഞായര്‍, 20 മാര്‍ച്ച് 2016 (16:06 IST)
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഓശാനഞായര്‍ ആചരിച്ചു. ക്രിസ്തുദേവന്‍ ജറുസലേം നഗരത്തിലേക്ക് കഴുതക്കുട്ടിയുടെ പുറത്ത് രാജകീയപ്രവേശം നടത്തിയതിന്റെ ഓര്‍മ്മ തിരുന്നാള്‍ ആണ് ഓശാനഞായര്‍ എന്ന പേരില്‍ ക്രൈസ്തവര്‍ ആചരിച്ചു പോരുന്നത്. കഴുതപ്പുറത്തെത്തിയ ക്രിസ്തുവിനെ ഒലിവിന്‍ ചില്ലകളേന്തി ആര്‍പ്പുവിളികളോടെയാണ് ജനം സ്വീകരിച്ചത്.

ഓശാന ഞായറിന്റെ ഭാഗമായി കേരളത്തിലെ ദേവാലയങ്ങളിലും കുരുത്തോല വിതരണവും വിശുദ്ധ കുര്‍ബാനയും നടന്നു. കുരുത്തോലപ്രദക്ഷിണത്തിലും തിരുക്കര്‍മ്മങ്ങളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഓശാനഞായറിനെ തുടര്‍ന്ന് ക്രൈസ്തവര്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനിയുള്ള ഒരാഴ്ച യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം, പീഡാനുഭവം, കുരിശുമരണം, ഉയിര്‍പ്പ് എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ്.

പെസഹ വ്യാഴാഴ്ച - ക്രിസ്തു ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണയാണ് പെസഹ ആചരിക്കുന്നത്. പെസഹാദിനത്തില്‍ പുളിക്കാത്ത അപ്പം അഥവാ ഇന്‍റിയപ്പം ഉണ്ടാക്കി പാലും കാച്ചി കഴിക്കുന്നതാണ് രീതി. ഇന്‍റിയപ്പത്തിന്റെ മുകളില്‍ നടുവില്‍ ഓശാന ഞായറാഴ്ച ലഭിച്ച ഓല മുറിച്ചു കുരിശാകൃതിയില്‍ വെക്കുന്നു.

ദു:ഖവെള്ളിയാഴ്ച - ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണമാണ് ദു:ഖവെള്ളിയാഴ്ച. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ കുരിശും വഹിച്ചുകൊണ്ട് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളിലും പങ്കെടുക്കുന്നു.

ഈസ്റ്റര്‍ അഥവാ ഉയര്‍പ്പുഞായര്‍: ക്രിസ്തു കുരിശുമരണം വരിച്ച് മൂന്നാംദിവസം ഉയര്‍ത്തെഴുന്നേറ്റതിന്റെ അനുസ്മരണമാണ് ഉയര്‍പ്പുഞായര്‍ ആയി ആചരിക്കുന്നത്. ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ എല്ലാ ദേവാലയങ്ങളിലും രാത്രിയിലാണ് നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :