മാണി രാജിസന്നദ്ധത അറിയിച്ചു; നാലുമണിക്ക് യുഡിഎഫ് യോഗം

ബാര്‍ കോഴക്കേസ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെഎം മാണി , ഹൈക്കോടതി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 10 നവം‌ബര്‍ 2015 (15:50 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ധനമന്ത്രി കെഎം മാണി രാജിസന്നദ്ധത അറിയിച്ചു. മാണിയുടെ വീട്ടില്‍ ചേര്‍ന്ന സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് രാജികാര്യത്തില്‍ അദ്ദേഹം നയം അറിയിച്ചത്. നാലുമണിക്ക് യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മാണിയുടെ രാജി പ്രഖ്യാപനം ഉണ്ടാകും. ഇന്നു തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മാണി രാജി കത്ത് സമര്‍പ്പിക്കും.

ഇന്നു തന്നെ രാജിയുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെയും മാണിയേയും അറിയിച്ചതോടെയാണ് സ്‌റ്റിയറിംഗ് കമ്മിറ്റ് യോഗത്തില്‍ മാണി സന്നദ്ധത അറിയിച്ചത്. പിജെ ജോസഫ് വിഭാഗവും മാണി വിഭാഗവും വിഷയത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും രാജിയല്ലാതെ മറ്റൊന്നും മുന്നില്‍ ഇല്ലെന്ന ഘടകകക്ഷികളും കോണ്‍ഗ്രസും വ്യക്തമാക്കിയതോടെ മാണി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാല്‍ തനിക്കൊപ്പം ജോസഫും രാജിവെക്കണമെന്ന മാണിയുടെ ആവശ്യം ജോസഫ് വിഭാഗം തള്ളുകയായിരുന്നു. അതോടൊപ്പം മാണി രാജിവെക്കണമെന്നും, രാജിയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കിയതോടെ മാണി വഴങ്ങുകയായിരുന്നു. രാജി ഇല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലെന്നു ജോസഫ് തുറന്നടിച്ചതോടെ യോഗത്തില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്‌തു.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ് തുടങ്ങിയ നേതാക്കൾ മാണി രാജി വയ്ക്കുന്നതിനെ എതിർത്തു. മാണിയ്ക്കെതിരെ കോടതി പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു. എന്നാൽ, പിസി ജോർജിനെ അനുകൂലിക്കുന്ന വിഭാഗവും രാജി വേണമെന്ന നിലപാടിലായിരുന്നു. സമ്മർദ്ദം ഏറിയതോടെ മാണി വഴങ്ങുകയായിരുന്നു.

രാജിവെച്ചില്ലെങ്കില്‍ ചോദിച്ചുവാങ്ങുമെന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ അറിയിച്ചിരുന്നു. രാജിവച്ചില്ലെങ്കില്‍ ബുധനാഴ്ച പ്രതിപക്ഷ എംഎല്‍എമാര്‍ സമരം തുടങ്ങുമെന്നും മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമെന്നും യുഡിഎഫ് മാണിയെ മുന്‍ കൂട്ടി അറിയിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ വീണാലും കുഴപ്പമില്ല രാജിവച്ചേ മതിയാകൂ എന്ന കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നിലപാട് കൂടിയായതോടെ മാണി സമ്മര്‍ദ്ദത്തിലാകുകയും കാര്യങ്ങള്‍ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :