കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍; വികസന കാര്യത്തിൽ യുഡിഎഫ് സർക്കാരിനൊപ്പം ഓടിയെത്താന്‍ ആര്‍ക്കുമാകുന്നില്ല- ആന്റണി

അരുവിക്കര തെരഞ്ഞെടുപ്പ് ,  യുഡിഎഫ് , എകെ ആന്റണി
അരുവിക്കര| jibin| Last Modified ശനി, 6 ജൂണ്‍ 2015 (12:36 IST)
ഇടതുപക്ഷത്തെയും നരേന്ദ്ര മോഡി സര്‍ക്കാരിനെയും കടന്നാക്രമിച്ച് എഐസിസി പ്രവർത്തക സമിതി അംഗം എകെ ആന്റണി അരുവിക്കരയില്‍. പാവപ്പെട്ടവർക്കും ചെറുപ്പക്കാർക്കും വേണ്ടിയുള്ള സർക്കാരാണ് ഉമ്മൻചാണ്ടി സർക്കാര്‍. മറ്റു സംസ്ഥാനങ്ങൾക്ക് വികസനത്തിന്റെ കാര്യത്തിൽ യുഡിഎഫ് സര്‍ക്കാരിനൊപ്പം ഓടിയെത്താൻ സാധിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികളാണെന്നും ആന്റണി പറഞ്ഞു. അരുവിക്കരയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യമുഖമുള്ള സർക്കാരാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്. വികസനത്തിന്റെ കാര്യത്തിൽ രാജ്യത്ത് എ പ്ളസ് മാർക്ക് ലഭിക്കുന്ന സർക്കാര്‍. ജനോപകാരപ്രദമായ പല പദ്ധതികളും ഈ സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. യുഡിഎഫ് സ‌ർക്കാരിന്റെ നയം കേരളത്തിന്റെ വികസനമാണെന്നും ആന്റണി പറഞ്ഞു. ഇവിടെ വേണ്ടത് ഉടക്ക് രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ്. കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികളാണ്. പുതിയ കാലത്തിൽ സിപിഎമ്മിന് പ്രസക്തി നഷ്ടപ്പെട്ടു. ഇരുപത്തിയഞ്ച് വർഷം പിന്നിലാണ് സിപിഎം ഇപ്പോഴും. കേരളം മാറിയത് അറിയാതെയാണ് അവരുടെ സഞ്ചാരം. കേരളത്തിന് വേണ്ടത് ഉടക്ക് രാഷ്ട്രീയമോ
അക്രമ രാഷ്ട്രീയമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തിന് ഉത്തരം പറയേണ്ടത് നരേന്ദ്ര മോഡി സര്‍ക്കാരാണ്. മോഡി സര്‍ക്കാരിനേക്കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടെങ്കില്‍ അത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാണ്. അന്തരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്പോൾ പെട്രോളിന്റേയും ഡീസലിന്റേയും വില കൂട്ടി മോദി ജനങ്ങളെ ദ്രോഹിക്കുകയാണ്. വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും ആന്റണി പറഞ്ഞു.

ഊര്‍ജ്ജസ്വലമായ യുവത്വത്തിന്റെ പ്രതീകമാണ് ശബരീനാഥന്‍. കാര്‍ത്തികേയന്റെ രക്തമാണ് ശബരീനാഥന്. ശബരീനാഥന്‍ ആധുനിക കാലഘട്ടത്തിനാവശ്യമുള്ള പദ്ധതികള്‍ കൂടി ആവിഷ്‌കരിക്കും. പോളിംഗ് ബൂത്തിലേക്ക് പോകുബോള്‍ അരുവിക്കരയുടെ വികസന നായകനായിരുന്ന ജി.കാർത്തികേയന്റെ പുഞ്ചിരിക്കുന്ന മുഖം ഓർമിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മകനും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.എസ്.ശബരിനാഥന് വോട്ട് ചെയ്യണമെന്നും ആന്റണി
അഭ്യർത്ഥിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :