പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല, സ്വര്‍ണക്കടത്തുകാരുടെ വിഹിതംകൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ല: എ.എന്‍.ഷംസീര്‍

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (13:06 IST)

കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം നേതാവും തലശേരി എംഎല്‍എയുമായ എ.എന്‍.ഷംസീര്‍. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയെ മറയാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരെ അറുത്തുമാറ്റി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നും ഷംസീര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്വര്‍ണക്കടത്തില്‍ നിന്നും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് പങ്ക് കിട്ടുന്നുണ്ടെന്ന് പറഞ്ഞ് അപവാദം പ്രചരിപ്പിക്കരുതെന്ന് ഷംസീര്‍ ആവശ്യപ്പെട്ടു. 'പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ അംഗങ്ങളുണ്ട്. അവര്‍ ലെവിയായി കൊടുക്കുന്ന പണം ഉപയോഗിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടും സ്വരൂപിക്കുന്നുണ്ട്. അല്ലാതെ കള്ളക്കടത്തുകാരുടെയും സ്വര്‍ണക്കടത്തുകാരുടെയും വിഹിതം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലില്ല,' ഷംസീര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :