എ കെ ജെ അയ്യർ|
Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (14:11 IST)
കോഴിക്കോട്: ബൈക്കിൽ സഞ്ചരിച്ച യുവാവ് മണ്ണുമാന്തി യന്ത്രം തട്ടി മരിച്ച സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച കാണിച്ച സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. മുക്കം എസ്.ഐ ടി.ടി.നൗഷാദിനെയാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ സെപ്തംബർ പത്തൊമ്പതിനു നടന്ന അപകടത്തിൽ തോട്ടുമുക്കം മാടമ്പി സ്വദേശി കെ.പി.സുധീഷ് എന്ന മുപ്പതുകാരനാണ് മരിച്ചത്. അന്ന് തന്നെ മണ്ണുമാന്തി യന്ത്രത്തിന് ഇൻഷ്വറൻസ് ഇല്ലായിരുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. പോലീസ് എഫ്.ഐ.ആരിൽ യന്ത്രത്തിന്റെ നമ്പർ ചേർക്കാതെ ജെ.സി.ബി എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇതിനൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന മണ്ണുമാന്തി യന്ത്രം പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് ഒരു സംഘം കടത്തിക്കൊണ്ട് പോവുകയും ഇതിനു പകരം മറ്റൊന്ന് കൊണ്ടിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മണ്ണുമാന്തി യന്ത്രം കടത്തിയതിന് പിന്നിൽ പോലീസ് ഒത്താശ ഉണ്ടോ എന്നറിയാൻ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് തെളിഞ്ഞാൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കാം എന്നാണു നിഗമനം.