ഒമ്പത് മാസത്തിനിടെ കേരളത്തില്‍ ബലാത്സംഗത്തിനിരയായത് 1,531 പേര്‍!

പാലക്കാട്| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (09:15 IST)
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കേരളത്തില്‍ ബലാത്സംഗത്തിനിരയായത് 1,പേര്‍. 981 സ്ത്രീകളും ഒരു വയസിനും 17 വയസിനുമിടയിലുള്ള 550 പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 3,843 പേരാണ് ലൈംഗികമായി ചൂഷണത്തിനിരയായി. സ്ത്രീധനപീഡനംമൂലം സംസ്ഥാനത്ത് ഒമ്പതുമാസത്തിനിടെ മരിച്ചത് 16 പേര്‍.

സംസ്ഥാനത്ത് ഒരുദിവസം അഞ്ചുപേര്‍ എന്നതോതില്‍ സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാവുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍വരെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ രജിസ്റ്റര്‍ചെയ്തത് 10,690 കേസുകള്‍. ഭര്‍ത്താവ്, ബന്ധുക്കള്‍ എന്നിവരുടെ പീഡനം സഹിക്കാനാവാതെ പൊലീസില്‍ അഭയം പ്രാപിച്ച കേസുകളാണ് ഏറ്റവും കൂടുതല്‍- 3,705.

ഏറ്റവും കൂടുതല്‍പേര്‍ ബലാത്സംഗത്തിനിരയായത് തലസ്ഥാനത്തുതന്നെ- 143 പേര്‍. കൊല്ലം (121), എറണാകുളം (93), തൃശ്ശൂര്‍ (90) ജില്ലകളിലും കേസുകളേറെയാണ്. ഈവിഭാഗത്തില്‍ ഏറ്റവുംകുറവ് കേസുകള്‍ കാസര്‍കോട് ജില്ലയിലാണ്- 37 എണ്ണം. തീവണ്ടിയിലുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അപമാനിച്ച 3,390 സംഭവങ്ങളുമുണ്ടായി. 45 പേര്‍ക്ക് തീവണ്ടിയാത്രക്കിടയില്‍ അപമാനമേല്‍ക്കേണ്ടിവന്നു.

സംസ്ഥാനത്തെ 111 സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായും പൊലീസ് പറയുന്നു. ഇതില്‍ മുന്നില്‍ കൊല്ലം ജില്ലയാണ്. 21 പേരെയാണ് തട്ടിക്കൊണ്ടുപോയത്. പൂവാലശല്യം പരാതിയായ സംഭവങ്ങള്‍ 225 എണ്ണമാണ്. സ്ത്രീകള്‍ക്കുനേരെയുള്ള മറ്റ് അതിക്രമങ്ങള്‍ എന്നവിഭാഗത്തില്‍ 2,281 കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് 2012ല്‍ തുടങ്ങിയ 'നിര്‍ഭയ' ഉള്‍പ്പെടെയുള്ള പദ്ധതികളും ബോധവത്കരണവുമൊക്കെ ഫലപ്രദമാവുന്നില്ലെന്നാണ് പൊലീസിന്റെ ഈ റിപ്പോര്‍ട്ട് വെളിവാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :