തിരുവനന്തപുരം|
Last Modified വ്യാഴം, 28 ജനുവരി 2016 (20:19 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് സരിതാ നായര്‍. മല്ലേലില്‍ ശ്രീധരന് നായര്‍ക്കൊപ്പം താനും മുഖ്യമന്ത്രിയും നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നാണ്
സരിത വെളിപ്പെടുത്തിയിരിക്കുന്നത്.
സോളാര്‍ കമ്മിഷന് മുമ്പാകെ ഈ തെളിവുകള്‍ കൈമാറുമെന്ന് സരിത റിപ്പോര്‍ട്ടര്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത വീഡിയോയും ദൃശ്യങ്ങളും കൈവശമുണ്ട്. തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നത് തെറ്റാണ്. ആഴ്ചയില്‍ രണ്ടുദിവസം വീതം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്ന തന്നെ അദ്ദേഹത്തിന് മറക്കാന്‍ കഴിയില്ലെന്നും സരിത വ്യക്തമാക്കി.
ടീം സോളാറിനെ ചതിച്ചതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. സ്വന്തമായി ഈ ബിസിനസ് നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. അതിനായി ടീം സോളാറിനെ വഞ്ചിക്കുകയായിരുന്നു - സരിത വ്യക്തമാക്കി.
കേരളത്തിലെ ഒരു എം പിക്ക് സോളാര്‍ കമ്പനിയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രവര്‍ത്തനം. ഞങ്ങളുടെ വര്‍ക്കുകള്‍ നഷ്ടപ്പെട്ടു. പിന്നീട് സംയോജിത കമ്പനിയുണ്ടാക്കാന്‍ ശ്രമിച്ചു. പിരിച്ച തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിക്ക് നല്കി. കേസുകളില്‍ നിന്ന് രക്ഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നു - സരിത പറയുന്നു.
മുഖ്യമന്ത്രിക്ക് അടക്കം ഞങ്ങള്‍ നല്കിയ പണം തിരികെ ലഭിച്ചില്ല. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അവരെ ഇതുവരെ സംരക്ഷിച്ച് സംസാരിച്ചത്. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇപ്പോള്‍ സത്യം പറയുന്നത് - നികേഷ്കുമാറിന് അനുവദിച്ച അഭിമുഖത്തില്‍ സരിത വ്യക്തമാക്കി.