ഇറ്റാലിയന്‍ കപ്പലപകടം; പത്തുപേര്‍ മരിച്ചു, ശേഷിച്ചവരെ രക്ഷപ്പെടുത്തി

റോം| VISHNU.NL| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (13:58 IST)
ഗ്രീസില്‍ നിന്ന് ഇറ്റലിയിലേക്ക് 478 യാത്രക്കരും വാഹങ്ങളുമായി പോയ നോര്‍മന്‍ അറ്റ്ലാന്റിക് കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. കപ്പലില്‍ ശേഷിച്ച മറ്റുള്ളവരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 36 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് നാന്നൂറോളം പേരെ രക്ഷപ്പെടുത്തിയത്. എത്രപേരെ കാണാതായി എന്നുള്ളതിന് കൃത്യമായ കണക്കില്ല.

ഗ്രീസിലെ പാത്രാസ് തുറമുഖത്ത് നിന്ന് ഇറ്റലിയിലെ അന്‍കോണ തുറമുഖത്തേക്കു പോകുകയായിരുന്നു നോര്‍മന്‍ അറ്റ്ലാന്റിക് എന്ന ഇറ്റാലിയന്‍ കപ്പല്‍. ഞായറാഴ്ച അഡ്രിയാറ്റിക് കടലില്‍ കോര്‍ഫു ദ്വീപിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് 81 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് അപകടമുണ്ടായത്. കപ്പലില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയുതിരുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.
കപ്പലില്‍ 222 വാഹനങ്ങളുണ്ടായിരുന്നു. എന്നാല്‍ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനായിട്ടില്ല.

ഗ്രീസില്‍ നിന്നും ഇറ്റലിയില്‍ നിന്നും തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ അയച്ച ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപെട്ടവരില്‍ 234 പേര്‍ ഗ്രീക്കുകാരാണ്. 54 തുര്‍ക്കി സ്വദേശികളും 22 അല്‍ബേനിയക്കാരും 22 ഇറ്റലിക്കാരും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു. കപ്പല്‍ ജീവനക്കാരായ 56 പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ ഗതാഗത മന്ത്രി മൌറിസിയോ ലുപി അറിയിച്ചു.

രക്ഷപ്പെടുത്തിയവരില്‍ നിന്ന് കണക്കെടുത്ത് എത്രപേരെ കാണാതായിട്ടുണ്ടെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇറ്റലി, ഗ്രീസ് അധികൃതര്‍. അതേ സമയം 38 പേരെ കാണാതായി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കടല്‍ ക്ഷോഭിച്ചതാണ് രക്ഷാപ്രവര്‍ത്തനം ഇത്രയേറെ വൈകാന്‍ കാരണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :