ചൈനയില്‍ വന്‍ ഭൂകമ്പം; 367 മരണം

ബീജിങ്| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (08:29 IST)
തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ പ‌ര്‍വത പ്രദേശമായ യുനാന്‍ പ്രവിശ്യയില്‍ വന്‍ ഭൂകമ്പത്തില്‍ 367 പേര്‍ മരിച്ചു. രണ്ടായിത്തോളം പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം വന്‍ നാശമാണ് വിതച്ചത്. യുനാന്‍ പ്രവിശ്യയിലെ വെന്‍പിങില്‍ നിന്ന് 117 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രണ്ടു മണിക്കൂറിനു ശേഷം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി.

ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. ഭയചകിതരായ ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. വൈദ്യുതി പോസ്റ്റുകളും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

മലമ്പ്രദേശമായ ക്വിയോജിയയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. ഭൂകമ്പം അതിജീവിക്കാന്‍ ശേഷിയില്ലാത്ത വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെയുള്ളതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കുന്നു.

ദുരന്തബാധിത പ്രദേശത്തേക്ക് 2500 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. രണ്ടായിരത്തോളം ടെന്റുകളും മൂവായിരത്തോളം കിടക്കകളും മറ്റ് സാധനങ്ങളും ദുരന്തബാധിത മേഖലയിലേക്ക് അധികൃതര്‍ എത്തിച്ചിട്ടുണ്ട്. 2008-ല്‍ ചൈനയിലുണ്ടായ ഭൂകമ്പം എഴുപതിനായിരം പേര്‍ മരണപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :