നമസ്‌തേ ട്രംപ്: ചരിത്ര സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം, അഹമ്മദാബാദിൽ വമ്പൻ സ്വീകരണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2020 (08:31 IST)
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും.36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപ് രാവിലെ 11:40നാകും അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തും. ദില്ലിയിൽ ചൊവ്വാഴ്ച്ചയാകും കൂടികാഴ്ച്ചകൾ നടക്കുക.

ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന ട്രംപ് സബർമതി ആശ്രമവും സന്ദർശിക്കും.തുടർന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന നമസ്തേ ട്രംപ് പരിപാടിയിൽ ഇരു നേതാക്കളും പങ്കെടുക്കും. മോദിയുടെയും ട്രംപിന്റെയും അരമണിക്കൂർ പ്രസംഗമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്ന് പൂർത്തിയാക്കിയ ശേഷം ട്രംപ് ആഗ്രയിലേക്ക് പോകും. വൈകീട്ട് 5:45ന്ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം വൈകീട്ട് ഡൽഹിയിലെത്തും.

നിർണ്ണായക ചർച്ചകൾ നാളെ ദില്ലിയിലായിരിക്കും നടക്കുക.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വാണിജ്യം, ഊർജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണറിയുന്നത്. കൂടികാഴ്ച്ചക്ക് ശേഷം ഇരുരാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളർ ചെലവിൽ 24 സീഹോക്ക് ഹെലിക്കോപ്‌റ്ററുകൾ വാങ്ങുവാനുള്ള കരാറിലും ഒപ്പുവെക്കും.

അമേരിക്കൻ എമ്പസി സംഘടിപ്പിക്കുന്ന രണ്ട് ചടങ്ങുകൾക്കും തുടർന്ന് രാഷ്ട്രപതി ഒരുക്കുന്ന അത്താഴവിരുന്നിനും ശേഷം നാളെ രാത്രി 10 മണിയോടെയാവും അമേരിക്കൻ പ്രസിഡന്റ് അമേരിക്കയിലേക്ക് മടങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :