അഫ്ഗാന്‍ പാര്‍ലമെന്റില്‍ ചാവേര്‍ ആക്രമണം: ആറ് മരണം

അഫ്ഗാന്‍ പാര്‍ലിമെന്റ് , ചാവേറാക്രമണം , സ്ഫോടനങ്ങള്‍
കാബൂൾ| jibin| Last Updated: തിങ്കള്‍, 22 ജൂണ്‍ 2015 (13:49 IST)
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഥിതി ചെയ്യുന്ന പാർലമെന്റ് സമുച്ചയത്തിൽ ചാവേറാക്രമണം. പാര്‍ലമെന്റിനകത്തും പുറത്തുമായി ഒമ്പതോളം സ്ഫോടനങ്ങള്‍ നടന്നതായാണ് പ്രാഥമിക വിവരം. പാര്‍ലമെന്റിന്റെ പുറത്ത് ഇപ്പോഴും വെടിവെപ്പു നടക്കുന്നുണ്ട്. ചാവേറുകള്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.

ഒരു മണിക്കൂര്‍ മുമ്പാണ് സംഭവം. പാര്‍ലമെന്റില്‍ സ്പീക്കര്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആക്രമണം. പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ
ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് ശേഷം തീവ്രവാദികള്‍ പാര്‍ലമെന്റിന് നേരെ വെടിവെക്കുകയായിരുന്നു. സുരക്ഷ സേന പ്രദേശം വളഞ്ഞ് തിരിച്ചടിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി. വന്‍ സ്ഫോടനമാണ് ഉണ്ടായതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളും അഗ്നിക്കിരയായി.

ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളെ ഒഴിപ്പിച്ചു. എംപിമാരെയും മാധ്യമപ്രവര്‍ത്തകരെയും സുരക്ഷിതമായി പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും പുറത്തെത്തിച്ചു.
ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.
പാര്‍ലമെന്റ് ഇപ്പോള്‍ വിജനമാണ്. ഇവിടെ നിറയെ പുകയാണെന്നും സംഭവസ്ഥലത്ത് നിന്ന് ശബ്ദങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ടെന്നും പ്രാദേശിക ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു. നേരത്തെയും അഫ്ഗാന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങളും ചാവേർ ആക്രമണങ്ങളും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :