സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 ജൂണ്‍ 2022 (11:28 IST)
ഇന്ന് ലോകരക്തദാന ദിനമാണ്. രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നു.
'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഡ്യമാണ്. പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്കു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.