വെള്ളം അലര്‍ജി, കുളിക്കാന്‍ പാടുപെട്ട് യുവതി; അപൂര്‍വ രോഗം
രേണുക വേണു|
Last Modified ശനി, 7 ഓഗസ്റ്റ് 2021 (12:51 IST)
ദിവസവും കുളിക്കുന്നത് ആരോഗ്യത്തിനും ശാരീരിക ഉന്മേഷത്തിനും നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍, കുളിക്കാന്‍ കഠിനമായ വേദന സഹിക്കേണ്ടിവരുന്ന ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളാണ് യുകെ സ്വദേശി 23 കാരിയായ നിയ സാല്‍വെ. വെള്ളത്തിനു അലര്‍ജിയുള്ള പ്രത്യേകതരം രോഗാവസ്ഥയാണ് നിയയെ അലട്ടുന്നത്.
അക്വാജെനിക് പ്രൂറിറ്റസ് എന്ന അപൂര്‍വ രോഗമാണ് നിയ സാല്‍വെയ്ക്ക് ഉള്ളത്. വെള്ളം ശരീരത്തില്‍ പതിച്ചാല്‍ വേദനയും അസ്വസ്ഥതയും തോന്നും. വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന അലര്‍ജിയാണ് ഇത്. വെള്ളം ശരീരത്തില്‍ പതിച്ചാല്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. കുളിക്കാനും വലിയ ബുദ്ധിമുട്ടാണ്. ഈ അവസ്ഥയെ താന്‍ എങ്ങനെയാണ് നേരിടുന്നതെന്ന് വിവരിക്കുകയാണ് നിയ സാല്‍വെ.
അക്വാജെനിക് പ്രൂറിറ്റസ് ബാധിച്ചതിനാല്‍ ഏറെ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് നിയ സാല്‍വെ കുളിക്കുന്നത്. ഇതിന്റെ വീഡിയോ യൂട്യൂബിലൂടെ നിയ പങ്കുവച്ചു.
ബ്ലഡ് പ്ലഷറും ശരീര താപനിലയും പരിശോധിച്ച ശേഷം മാത്രമേ നിയ കുളിക്കാറുള്ളൂ. ആദ്യം ഒരു ഡ്രൈ ബ്രഷ് ഉപയോഗിച്ച് ശരീരത്തില്‍ ഉരയ്ക്കും. ചര്‍മത്തിലെ ചളിയെല്ലാം ഉരച്ചുകളയും. അതിനുശേഷം വെള്ളം ഒഴിച്ച് കുളിക്കാന്‍ തുടങ്ങും. വെള്ളം ഒഴിക്കുമ്പോള്‍ ശരീരത്തില്‍ വേദന അനുഭവപ്പെടും. കുളി കഴിഞ്ഞ് മൂന്ന് മണിക്കൂറോളം ഈ അവസ്ഥ തുടരും. വേദനയും ചൊറിച്ചിലും അസ്വസ്ഥതയും നേരിടേണ്ടിവരും. പലപ്പോഴും വേദന സാംഹാരികള്‍ ഉപയോഗിക്കേണ്ടിവരും.
ജെര്‍മനിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ പോയി ഈ രോഗത്തിനെതിരെ ചികിത്സ തേടാന്‍ ഒരുങ്ങുകയാണ് യുവതി. അതിനായി GoFundMe എന്ന പേജിലൂടെ പണസമാഹരണം നടത്തുന്നുണ്ട്. ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമാണെന്നും നിയ പറയുന്നു. മഴ, വിയര്‍പ്പ്, കണ്ണുനീര്‍, മൂത്രം തുടങ്ങി വെള്ളത്തിന്റെ രൂപത്തിലുള്ള എന്താണെങ്കിലും ചര്‍മ്മത്തില്‍ ഈ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നാണ് നിയ പറയുന്നത്.